ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം.  

അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികള്‍ വിലയുള്ള  അപൂര്‍വയിനം രത്നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല. ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മറുപടി ലഭിച്ചതും. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ടവ വീണ്ടെടുക്കണമെന്നും നാഗഞ്ചേരി മനയില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുള്ളത്. 

ENGLISH SUMMARY:

A major scandal hits Iringolkavu Bhagavathy Temple as over 200 kg of gold and rare gems are reported missing. The Travancore Devaswom Board's failure to provide records fuels demands for a court-monitored CBI investigation.