ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗതാഗതക്കുരുക്ക് വൃക്ക രോഗിയായ യുവാവിന്റെ ജീവനെടുത്തു. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലേക്ക് കാറിൽ പോയ ആലപ്പുഴ എഴുപുന്ന സ്വദേശി പി.പി.ദിലീപ് ആണ് മരിച്ചത്. ഗതാഗത കുരുക്കിൽപ്പെട്ട് കൃത്യസമയത്ത് ആശുപത്രിയില്‍ എത്താനാകാതെയാണ് ദിലീപിന്റെ മരണം.
ഏതാനും വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിലാണ് ദിലീപ്. ആഴ്ചയിൽ രണ്ടു തവണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച 11 മണിയോടെ ഒറ്റയ്ക്ക് കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ കൂട്ടു പോകാനായി ഭാര്യാ സഹോദരൻ ഡിജു അരൂരിൽ കാത്തു നിന്നിരുന്നു.
ഒരു തവണ ഫോണിൽ വിളിച്ചപ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ടതായി ദിലീപ് അറിയിച്ചു തുടർന്ന് പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ അരൂർ പള്ളിക്ക് സമീപത്തുനിന്ന് നടന്ന് ഡിജു അരൂർ ക്ഷേത്രത്തിന് അടുത്തെത്തിയപ്പോഴാണ് ഉയരപ്പാതയുടെ തൂണിന് സമീപം കാർ മാറ്റിയിട്ടിരിക്കുന്നതായി കണ്ടത്. കാറിനുള്ളിൽ അവശനിലയിൽ ദിലിപിനെ തുടർന്ന് സമീപത്തെ ഓട്ടോ ഡ്രൈവർമാരോട് വിവരം പറഞ്ഞപ്പോള്‍ അരൂർ പഞ്ചായത്തിന്‍റെ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
ഒരു മണിക്കൂറിലേറെ രോഗാവസ്ഥയിൽ കാറിനുള്ളിൽ കിടന്നു. ഗതാഗത കുരുക്കിൽപ്പെട്ട സമയത്തുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ് ദിലീപ്.