സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയില്‍. രണ്ട് മാസമായി ഫണ്ട് മുടങ്ങിയതോടെ ഉച്ചഭക്ഷണം കൊടുക്കാന്‍ നെട്ടോട്ടമോടുകയാണ് അധ്യാപകര്‍. എന്നാല്‍ കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.
ചിക്കന്‍ ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെയായി മെനു പരിഷ്കരിച്ചു. എന്നാല്‍ ഇതൊക്കെ തയ്യാറാക്കാനുള്ള പണം എവിടെയെന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസവകുപ്പ് കൈമലര്‍ത്തുകയാണ്. സ്വന്തം കൈയില്‍ നിന്ന് പണമെടുത്തും കടം വാങ്ങിയുമൊക്കെയാണ് പ്രധാന അധ്യാപകര്‍ ഉച്ചഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ ഫണ്ടാണ് കിട്ടാനുള്ളത്.
പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള ഒരുകുട്ടിക്ക് 6.78 രൂപയും ആറാം ക്ലാസ് മുതല്‍ എട്ടുവരെയുള്ള ഒരു കുട്ടിക്ക് 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി അനുവദിക്കുക. സംസ്ഥാനത്ത് പച്ചക്കറിയുടെയും പാചകവാതകത്തിന്‍റെയും വിലപതിന്മടങ്ങ് വര്‍ധിച്ചിട്ടും ഉച്ചഭക്ഷണഫണ്ടില്‍ മാത്രം ഒരു മാറ്റവും വന്നിട്ടില്ല. പോഷാകാഹാര പദ്ധതിയുടെ ഭാഗമായുള്ള മുട്ടയ്ക്കും പാലിനുമുള്ള ഫണ്ടും മുടങ്ങി കിടക്കുകയാണ്.