സൂപ്പര്‍താരം മോഹന്‍ലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്‍റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

രണ്ടുജോഡി ആനക്കൊമ്പുകള്‍ മോഹൻലാൽ കൈവശം വെച്ച നടപടി വനംവകുപ്പ് നേരത്തേ നിയമവിധേയമാക്കിയിരുന്നു. യഥാര്‍ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി എന്നായിരുന്നു വനം വകുപ്പിന്‍റെ നിലപാട്. കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് അനുമതി നൽകിയതിനെതിരെ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ.പൗലോസ് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത്. സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് നടപടി. 

ആനക്കൊമ്പിന്റെ ഉടമസ്ഥത താരത്തിന് നൽകിക്കൊണ്ട് 2015 ഡിസംബർ 16നും, 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ല എന്ന് വ്യക്തമാക്കി കോടതി അസാധുവാക്കുകയും ചെയ്തു. ഈ സർക്കാർ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളുമാണ് കോടതി ഇന്ന് റദ്ദാക്കിയത്. മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം 44–ാം വകുപ്പനുസരിച്ച് സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറത്തിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. അതേ സമയം, കേസിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ അഡ്വ. രാധാകൃഷ്ണൻ നായർ പറഞ്ഞു. നടപടിക്രമം പാലിച്ചുകൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി രാജാവിന്റെ ചെറുമകന്റെ കുടുംബം, സുഹൃത്ത് കെ. കൃഷ്‌ണകുമാറിനു നൽകിയ ആനക്കൊമ്പുകള്‍ മോഹൻലാലിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ENGLISH SUMMARY:

Mohanlal's elephant tusk ownership has been nullified by the High Court. The court has instructed the state government to issue a new notification regarding the Forest Department's action, stating that the current procedure is not legally valid.