പി.എം.ശ്രീ ഒപ്പിട്ടത് വസ്തുതയെങ്കിൽ മുന്നണി മര്യാദകളുടെ ലംഘനമെന്ന നിലപാടിൽ സി.പി.ഐ. പാർട്ടിയെ വഞ്ചിച്ച് കരാർ ഒപ്പിട്ടതിൽ തുടർനീക്കം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചു. വാർത്തകളിൽ കണ്ട അറിവേ ഉള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മഹത്യാപരമായ തീരുമാനമെന്നും വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും AISF സംസ്ഥാന സെക്രട്ടറി എ.അധിനും മനോരമ ന്യൂസിനോട് പറഞ്ഞു.
പി എം ശ്രീയിൽ ഒപ്പിടുമോ എന്ന വ്യക്തത വേണമെന്ന സിപിഐ മന്ത്രിമാർ മന്ത്രിസഭയിൽ ആവശ്യപ്പെട്ട് ഒറ്റ ദിവസത്തിനുള്ളിൽ പിഎം ശ്രീ ഒപ്പിട്ടത് സിപിഐക്ക് മുഖത്തേറ്റ അടിയായി. ഏകപക്ഷീയമായി പി എം ശ്രീ ഒപ്പിടാൻ സിപിഎമ്മിനാവില്ലെന്ന് ബിനോയ് വിശ്വം പാർട്ടി സംസ്ഥാന കൗൺസിൽ പറയുമ്പോൾ വിദ്യാഭ്യാസ സെക്രട്ടറി കരാർ ഒപ്പിടുകയായിരുന്നുവെന്നത് സിപിഐയെ ഞെട്ടിച്ചു. വാർത്തകൾ ശരിയെങ്കിലും മുന്നണി മര്യാദകളുടെ ലംഘനമെന്ന് ബിനോയ് വിശ്വം അറിയിച്ചു. ആത്മഹത്യാപരമെന്ന് എഐഎസ്എഫ് തുറന്നടിച്ചു. വിദ്യാഭ്യാസ മന്ത്രി വഞ്ചിച്ചുവെന്നും സംസ്ഥാന സെക്രട്ടറി എ അധിൻ മനോരമ ന്യൂസിനോട് പറഞ്ഞു
മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിച്ച മന്ത്രി കെ രാജനെ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഗൗനിച്ചിരുന്നില്ല. എല്ലാ ആശങ്കയും സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ പറഞ്ഞ സംസ്ഥാന സെക്രട്ടറിക്കും നാണക്കേടായി മുന്നണിയിൽ ആലോചിക്കാതെയുള്ള കരാർ ഒപ്പിടൽ . അടിയന്തിരമായി ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് ഇനി എന്ത് തീരുമാനമെടുക്കാൻ കഴിയുമെന്നത് നിർണായക ചോദ്യമാണ്.