സ്ഥിരമായി പുലിയെത്തുന്നതിനാൽ പാലക്കാട് അട്ടപ്പാടിയിൽ സ്കൂളിനു അവധി പ്രഖ്യാപിച്ചു. മുള്ളി ട്രൈബൽ ജി.എൽ.പി സ്കൂളിനാണ് പ്രധാന അധ്യാപിക അവധി പ്രഖ്യാപിച്ചത്. ദിവസങ്ങളായി സ്കൂളിലും പരിസരത്തും പുലിയെത്തുന്നുണ്ടെന്നും ഉടൻ പിടികൂടണമെന്നും അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിൽ ഉണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം രാത്രി പുലി കൊന്നിരുന്നു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ അധ്യാപകൻ ജോബി പുലിയെ തൊട്ടടുത്തു കണ്ടു. കാൽപാട് പരിശോധിച്ചു പുലിയെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് പുലിയെ തുരത്താനുള്ള നടപടിയും തുടങ്ങി. സ്കൂൾ പരിസരത്തും ജനവാസ മേഖലയിലും RRT സംഘം നിരീക്ഷണം തുടരുന്നുണ്ട്.