ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്.ഐ.ടി. ഈ ആഴ്ച തന്നെ ഉദ്യോഗസ്ഥരേയും അതിന് ശേഷം മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ ഉള്‍പ്പടെയുള്ള ദേവസ്വം ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും. ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പ്രത്യേകസംഘം അന്വേഷണം വേഗത്തിലാക്കുന്നത്. 2019ല്‍ ദ്വാരപാലക ശില്‍പപ്പാളികള്‍ കൈമാറുന്ന സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
പ്രതികളാക്കിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാവും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വിളിപ്പിക്കുക. മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍, പ്രസിഡന്‍റും കമ്മീഷണറുമായിരുന്ന എന്‍.വാസു എന്നിവരെ ചോദ്യം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണ പാളിയും, ശ്രീകോവിലിന്റെ കട്ടിളയും പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷങ്ങൾ വാങ്ങിയതായി മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
പൂജയുടെ പേരിൽ വിശ്വാസികളായ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങി. പണം പൂർണമായും നേരിട്ട് വാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. തനിക്കും വിഹിതം തന്നു. ബോർഡിലെ ചിലർക്കും വിഹിതം കൊടുക്കാനുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ബോർഡിലെ ആർക്കാണ് പണം കൊടുത്തതെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല. പണം നൽകിയ മലയാളികളല്ലാത്ത എട്ട് വ്യവസായികളെ തനിക്ക് അറിയാമെന്നും ഇവർ പതിവായി ശബരിമല ദർശനത്തിന് എത്തുന്നവരാണെന്നും അനന്ത സുബ്രഹ്മണ്യത്തിൻ്റെ മൊഴിയിലുണ്ട്.
എസ്.ഐ.ടി തുടർച്ചയായ രണ്ടാം ദിവസവും അനന്ത സുബ്രഹ്മണ്യത്തിൻ്റെ മൊഴി രേഖപ്പെടുത്തി. തലസ്ഥാനത്ത് തുടരാൻ നിർദേശിച്ച് രാത്രി എട്ടരയോടെ വിട്ടയച്ചു. അടുത്തദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കൾ ഉൾപ്പെടെ മൂന്നുപേരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ശബരിമലയിലും ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചുള്ള തെളിവെടുപ്പിന്റെ രൂപരേഖയും എസ്. ഐ.ടി തയാറാക്കിയിട്ടുണ്ട്.