കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച കേസില്‍ കേരളപൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് അതിസാഹസികമായി. പ്രതിയുടെ ഫോട്ടോയോ രേഖാചിത്രമോ ഒന്നുമില്ലാതെ സീറോയില്‍ നിന്നു തുടങ്ങിയ അന്വേഷണം പൊലീസ് 48മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി. ഹോസ്റ്റലിന്റെ പരിസരത്തു നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളിലെ ഒരു ലോറിയാണ് പൊലീസിനു തുമ്പ് നല്‍കിയത്.
ലോറിക്കു പിന്നാലെ പോയ പൊലീസ് ഒരു വാഹനസര്‍വീസ് സെന്ററിലെത്തി. അന്വേഷിച്ചപ്പോള്‍ അയാളുടെ മുഖമടക്കം പൊലീസിനു വ്യക്തമായി. സര്‍വീസ് ചെയ്യാന്‍ വന്നപ്പോള്‍ ജീവനക്കാരുമായി ബെഞ്ചമിന്‍ തര്‍ക്കമുണ്ടാക്കിയിരുന്നെന്നും ജീവനക്കാര്‍ ഓര്‍ത്തെടുത്തു. അങ്ങനെ പൊലീസ് എത്തിപ്പെട്ടത് മധുരയില്‍. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കണ്ടു, ലോറിയില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു, ലോറി അല്‍പം മാറ്റിയിടണമെന്നും ഉടനെത്തണമെന്നും ഷാഡോ പൊലീസ് ആവശ്യപ്പെട്ടു.
ബെഞ്ചമിന്‍ ഉടനെത്തി, പക്ഷേ പൊലീസിനെ കണ്ടു സംശയം തോന്നിയ ഇയാള്‍ തിരിഞ്ഞോടി, പിന്നാലെ കേരളപൊലീസും, കിലോമീറ്ററുകളോളം പിന്നാലെയോടി പ്രതിയെ പിടികൂടി. വ്യാഴാഴ്ച്ച രാത്രിയാണ് ഇയാള്‍ ലോറിയും ചരക്കുമായി കഴക്കൂട്ടത്തെത്തിയത്. രാത്രി ലോറിയില്‍ തന്നെ കിടന്നു, പുലര്‍ച്ചെ ഇരയെത്തേടി നിരത്തിലേക്കിറങ്ങി, മോഷണമായിരുന്നു ലക്ഷ്യം. രണ്ടിടത്തു കയറി ഇയര്‍ ഫോണും മറ്റും കൈക്കലാക്കി.
പിന്നെ കയറിയത് പെണ്‍കുട്ടി കിടന്നുറങ്ങുന്ന ഹോസ്റ്റലില്‍. രാത്രി ജോലിക്കുപോയവര്‍ തിരിച്ചെത്തുന്നതും കാത്ത് വാതിലുകള്‍ പൂട്ടിയിരുന്നില്ല. മോഷണത്തിനായി ഇയാള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പെണ്‍കുട്ടി കിടന്നുറങ്ങുന്നത്. നിസഹായയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടില്‍ നിരവധി കേസുകളിലെ പ്രതിയാണ് ബെഞ്ചമിന്‍. ആറ്റിങ്ങല്‍ മജിസട്ര്േറ്റിനു മുന്‍പില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.