ഉരുള്‍ ദുരന്തത്തെ അതിജീവിക്കുന്ന വയനാട് മേപ്പാടി പഞ്ചായത്ത് മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഓര്‍മയാകുന്നത് മുണ്ടക്കൈ എന്ന വാര്‍ഡാണ്. ഒരു നാടിനെ കണ്ണീരിലാഴ്ത്തി കടന്നുപോയവര്‍ വോട്ടര്‍പട്ടികയിലും നൊമ്പരമായി മാറുകയാണ്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ദുരന്തത്തിന്‍റെ ഇരകളായി മണ്‍മറഞ്ഞുപോയത്. ഇന്നിപ്പോള്‍ നോ–ഗോസോണായ മുണ്ടക്കൈ പ്രദേശത്ത് ആരും താമസമില്ല. മുണ്ടക്കൈ എന്ന പേരിലുള്ള 11–ാം വാര്‍ഡും ഇല്ലാതായി. എന്നാല്‍ ആ പേര് അങ്ങനെ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ലല്ലോ. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ 11–ാം വാര്‍ഡിന് മുണ്ടക്കൈ– ചൂരല്‍മല എന്ന പേര് നല്‍കി. രണ്ട് വാര്‍ഡുകളും കൂടി ചേര്‍ത്തുവച്ചാലും കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 406 പേരുടെ കുറവ് കാണാം.. പല പരിചിത മുഖങ്ങളും ഇത്തവണ വോട്ട് ചെയ്യാന്‍ ഉണ്ടാകില്ലല്ലോ എന്ന യാഥാര്‍ഥ്യം നാടിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല
ചൂരല്‍മല അങ്ങാടിയിലെ വെള്ളാര്‍മല സ്കൂള്‍ പോളിങ് സ്റ്റേഷനും ഇനി ഉണ്ടാകില്ല. അത് തൊട്ടടുത്ത നീലിക്കാപ്പ് പള്ളിയിലേക്ക് മാറും. ഉരുള്‍ പിളര്‍ത്തിമാറ്റി പലായനം ചെയ്തവര്‍ ഇത്തവണ വാടക വീടുകളില്‍ നിന്നാവും ചൂരല്‍മലയിലേക്ക് വോട്ടുചെയ്യാന്‍ എത്തുക. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പിലേക്ക് വൈകാതെ അതിജീവിതര്‍ മാറുന്നതോടെ, ഇവര്‍ ചൂരല്‍മല എന്ന മേല്‍വിലാസത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാകും. പക്ഷേ അപ്പോളും ഈ നാടിന്‍റെ ഓര്‍മയുടെ വോട്ടര്‍ പട്ടികയില്‍ ഇവര്‍ എന്നും ഉണ്ടാകും.