സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് .നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും 

അതേസമയം, ഇടുക്കിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത തീവ്ര മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.8 അടിയിലെത്തി. കോഴിക്കോട് ജില്ലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ നിർദേശം നൽകി  

നേരിയ മഴ മാത്രമാണ് ഇന്നലെ രാത്രിയിൽ ഇടുക്കിയിൽ പെയ്തത്. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുനിന്ന് വെള്ളം ഇറങ്ങി തുടങ്ങി. 35 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുല്ലപ്പെരിയാർ ഉൾപ്പെടെ ഏഴ് ഡാമുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്.  

വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി പെയ്തത് കനത്ത മഴ. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ രാത്രിയിൽ ഇടവിട്ട് ശക്തമായി മഴ പെയ്തു. ബാലുശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. വയനാട് പനമരത്ത് മരം റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തില്‍ രാത്രിയില്‍ മരംവീണതോടെ ഗതാഗതം അവതാളത്തിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്

ENGLISH SUMMARY:

Kerala rains are intensifying across the state, with all districts under rain alert. An orange alert has been issued for Kozhikode, Malappuram, Ernakulam, and Idukki districts.