ശമ്പളപരിഷ്കരണം, പത്ത് വർഷമായി മുടങ്ങിയ ക്ഷാമബത്ത കുടിശിക വിതരണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്ത സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്കരിച്ചുള്ള സൂചനാ സമരം തുടങ്ങി. ജൂനിയര്‍ ഡോക്ടര്‍മാരും, പി ജി ഡോക്ടര്‍മാരും മാത്രമാണ് ഇന്ന് ഒ.പി.യിൽ രോഗികളെ പരിചരിക്കുന്നത്. ഒരാഴ്ച കൂടി സാവകാശം നൽകുമെന്നും ആവശ്യങ്ങളിൽ അനുകൂല നിലപാടില്ലെങ്കിൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ തിരുവനന്തപുരത്ത് പറഞ്ഞു.
അധ്യാപനം നിര്‍ത്തി നടത്തിയ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് ഒ.പി ബഹിഷ്‌കരണ സമരത്തിന്‍റെ സാഹചര്യം ഉണ്ടായതെന്നും അതിലേക്ക് തള്ളിവിട്ടതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കെ.ജി.എം.സി.ടി.എ. ഒരാഴ്ച കൂടി സർക്കാരിന് സാവകാശം നൽകും. സർക്കാർ തീരുമാനം വൈകിയാൽ ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിലും തടസമുണ്ടാവും. സിസ്റ്റം ഉണർന്നില്ലെങ്കിൽ റിലേ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 28, നവംബർ 5, 13, 21, 29 തിയതികളിലും ഒ.പി. ബഹിഷ്‌കരിക്കും.
നഷ്ടപ്പെട്ട ശമ്പള ക്ഷാമബത്ത കുടിശിക നല്‍കുക, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതിമായി ഡോക്ടര്‍മാരെ നിയമിക്കുക, പുതിയ മെഡിക്കല്‍ കോളജു കളില്‍ താൽകാലിക പുനര്‍വിന്യാസത്തിലൂടെ ഡോക്ടര്‍മാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെ ജി എം സി ടി എ ഉന്നയിക്കുന്നത്.