സംസ്ഥാനത്ത് ഇന്നും പെരുമഴയ്ക്ക് സാധ്യത. എറണാകുളത്തും ഇടുക്കിയിലും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക -  ലക്ഷദ്വീപ്  തീരത്ത് 23 വരെ മത്സ്യബന്ധനo വിലക്കി. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.  തെക്ക് കിഴക്കൻ അറബിക്കടലിൽ, നിലനിൽക്കുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം കനക്കും.

വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി പെയ്തത് കനത്ത മഴയാണ്. കോഴിക്കോട് മലയോര മേഖലയിൽ രാത്രിയിൽ ഇടവിട്ട് ശക്തമായി മഴ പെയ്തു. ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്. പുഴകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. മഴയിൽ വൈദ്യുതി വിതരണം പലയിടത്തും തടസ്സപ്പെട്ടു. വയനാട് പനമരത്ത് മരം റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തില്‍ രാത്രിയില്‍ മരംവീണതോടെ ഗതാഗതം അവതാളത്തിലായി.

ENGLISH SUMMARY:

Heavy rainfall is expected to continue in Kerala today. Orange Alert has been declared for Ernakulam and Idukki districts. All other districts, except Kannur and Kasaragod, are under a Yellow Alert. Fishing has been banned along the Kerala-Karnataka-Lakshadweep coasts until the 23rd. High alert is issued for hilly regions due to continuous rain. The strong low-pressure area over the Southeast Arabian Sea is expected to intensify into a deep depression in the coming hours.