unnikrishnan-potti-house-gold

സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. 

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് സ്ഥാപിച്ച ശില്‍പ്പപാളികളിലും സ്വര്‍ണംപൂശിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. 2019ല്‍ 40 വര്‍ഷം ഗാരണ്ടിയെന്ന് പറഞ്ഞ് സ്വര്‍ണം പൂശിക്കൊണ്ടുവന്ന പാളികള്‍ ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോവുകയായിരുന്നു. 

2024ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും അടങ്ങുന്ന സംഘമാണ് വീണ്ടും സ്വര്‍ണം പൂശണമെന്ന ആശയം മുന്നോട്ടുവെച്ചത്. വീണ്ടും സ്വര്‍ണം തട്ടാനുള്ള നീക്കമായിരുന്നൂ അതെന്ന് സംശയിച്ചാണ് 2015ലെ ഇടപാടും അന്വേഷിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചത്. 2019 ജൂലായ് മുതല്‍ 2025 സെപ്തംബര്‍ 27 വരെയുള്ള മുഴുവന്‍ ഇടപാടും അന്വേഷിക്കുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ നിലവിലെ ബോര്‍ഡും അന്വേഷണ പരിധിയിലാവുകയാണ്.

ENGLISH SUMMARY:

The special investigation team (SIT) seized gold from the house of Unnikrishnan Potti, the main accused in the gold heist case. The seizure, made during a raid yesterday at his ancestral home in Venjaramoodu, included gold ornaments and coins kept in a cupboard. The SIT is investigating whether this gold was melted down from the gold stolen from Sabarimala.