TOPICS COVERED

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക നാശം. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. കുമളി ആനവിലാസം കട്ടപ്പന റോഡിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ സാധ്യത മുൻനിർത്തി ജില്ലയിൽ സാഹസിക - ജലവിനോദങ്ങൾ നിരോധിച്ചു.

കുമളിയിലും പരിസരപ്രദേശങ്ങളിലും രാത്രി പെയ്ത മഴയാണ് നാശം വിതച്ചത്. പത്തുമുറിയിൽ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ചു കയറി വെള്ളാരംകുന്ന് സ്വദേശി തങ്കച്ചൻ മരിച്ചു. ഒന്നാം മൈൽ വലിയ കണ്ടത് 100 ഓളം വീടുകളിൽ വെള്ളം കയറി. മഴ കനത്താൽ വീണ്ടും ദുരിതത്തിൽ ആകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജലനിരപ്പ് 139 അടി പിന്നിട്ടതോടെയാണ് മുല്ലപ്പെരിയാറിലെ 13 ഷട്ടറുകൾ ഒന്നര മീറ്ററോളം ഉയർത്തിയത്. ഇതോടെ പെരിയാർ തീരത്ത് പലയിടത്തും വീടുകളിൽ വെള്ളം കയറി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു. അതേസമയം, മഴ കനത്താൽ ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും. അടിയന്തര സാഹചര്യം നേരിടാൻ പൂർണ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ENGLISH SUMMARY:

Idukki rain causes widespread destruction in the district. The opening of Mullaperiyar dam shutters has led to flooding in several homes, prompting concerns and evacuation efforts.