ഉന്നതരുമായുള്ള തന്‍റെ ബന്ധങ്ങളാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഉപയോഗപ്പെടുത്തിയതെന്ന് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ , തന്ത്രി , ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാർ തുടങ്ങി പല പ്രമുഖരുമായും അടുപ്പമുണ്ടായിരുന്നു. മുരാരി ബാബു ഉൾപ്പടെയുള്ള ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരും തന്‍റെ അടുപ്പക്കാരാണ്. ഈ ബന്ധങ്ങള്‍ മറയാക്കി ചെന്നൈ–ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് കവർച്ച നടപ്പാക്കിയതെന്നും ഒടുവില്‍ അവര്‍ തന്നെ കുടുക്കിയെന്നും പോറ്റി മൊഴി നൽകി.
ചെന്നൈ സ്വദേശി കൽപേഷിനും ഹൈദരാബാദുകാരനായ നാഗേഷിനും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നും പോറ്റി ആരോപിക്കുന്നു. ഇതോടെ ചെന്നൈ, ബെംഗളൂരു , ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധങ്ങൾ കേന്ദീകരിച്ച് അന്വേഷിക്കാനും പ്രത്യേക സംഘം തീരുമാനിച്ചു. കൽപേഷിന്‍റെയും നാഗേഷിന്‍റെയും കൂടുതല്‍ വിവരങ്ങളും പോറ്റി അന്വേഷണ സംഘത്തിന് കൈമാറി. ഇവരെ ഫോൺ മുഖേന എസ്ഐടി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇന്ന് വൈകിട്ടൊ നാളെയൊ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന.
സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് സ്ഥാപിച്ച ശില്‍പ്പപാളികളിലും സ്വര്‍ണംപൂശിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. 2019ല്‍ 40 വര്‍ഷം ഗാരണ്ടിയെന്ന് പറഞ്ഞ് സ്വര്‍ണം പൂശിക്കൊണ്ടുവന്ന പാളികള്‍ ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോവുകയായിരുന്നു.
2024ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും അടങ്ങുന്ന സംഘമാണ് വീണ്ടും സ്വര്‍ണം പൂശണമെന്ന ആശയം മുന്നോട്ടുവെച്ചത്. വീണ്ടും സ്വര്‍ണം തട്ടാനുള്ള നീക്കമായിരുന്നൂ അതെന്ന് സംശയിച്ചാണ് 2015ലെ ഇടപാടും അന്വേഷിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചത്. 2019 ജൂലായ് മുതല്‍ 2025 സെപ്തംബര്‍ 27 വരെയുള്ള മുഴുവന്‍ ഇടപാടും അന്വേഷിക്കുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ നിലവിലെ ബോര്‍ഡും അന്വേഷണ പരിധിയിലാവുകയാണ്.