നെന്മാറ സജിത വധക്കേസില്‍ വിധിയില്‍ തൃപ്തരാണെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ഇപ്പോളും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും കോടതിയിൽ പോലും നിൽക്കുമ്പോൾ പേടിയായിരുന്നെന്നും ഇരുവരും പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. കേസില്‍ മേൽക്കോടതിയെ സമീപിക്കുന്നില്ല എന്നും ഇരുവരും വ്യക്തമാക്കി.
അതുല്യയുടെയും അഖിലയുടെയും വാക്കുകള്‍... ‘ഇനി ജാമ്യമോ പരോളോ കിട്ടരുത് എന്നാണ് ആഗ്രഹം. ഞങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിയും ഭയവും ഉണ്ട്. അതുകൊണ്ട് അയാളെ ഇനി ഒരിക്കലും പുറത്തു വിടരുത്. കോടതിയിൽ നിൽക്കുമ്പോൾ പോലും അയാൾ ഞങ്ങളുടെ അടുത്ത് തന്നെ ആയിരുന്നു. പേടി ഉണ്ടായിരുന്നു. പക്ഷേ വിധിയില്‍ ഞങ്ങള്‍ തൃപ്തിയാണ്. സഹായിച്ചവര്‍ക്കും കോടതിക്കും നന്ദി’
അതേസമയം, ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സജിതയുടെ സഹോദരി ആവശ്യപ്പെട്ടു. ‘എന്റെ മക്കൾക്ക് അമ്മയും അച്ഛനും ഇല്ലാണ്ടായി. ഇനി സർക്കാർ എന്തെങ്കിലും ജോലി നല്‍കണം. എന്‍റെ അപേക്ഷയാണ്. അച്ഛനും അമ്മയ്ക്കും വയസ്സായതാണ്. മക്കളുടെ സംരക്ഷണം ഉറപ്പുവരുത്തണം. നഷ്ടപരിഹാരം കൊടുക്കണം എന്നെല്ലാം കോടതി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജീവിക്കാൻ പോലും വലിയ ബുദ്ധിമുട്ട് തന്നെയാണ്. കൂടെ എല്ലാവരും നിന്ന എല്ലാവര്‍ക്കും ചാനലുകാര്‍ക്കും നന്ദി’ സജിതയുടെ സഹോദരി പറഞ്ഞു.
ശിക്ഷാവിധിയില്‍ തൃപ്തരെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയും പ്രതികരിച്ചു. തെളിവുകള്‍ നിര്‍ണായകമായെന്ന് അജിത് കുമാര്‍ പറഞ്ഞു. ചെറിയ ശാസ്ത്രീയ തെളിവ് വരെ പൊലീസിന് കോടതിയിലെത്തിക്കാനായി. കാല്‍പാദത്തിന്റെ പാടും പോക്കറ്റിന്റെ തുണിയുടെ കഷണവും നിര്‍ണായകമായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വെല്ലുവിളികളുണ്ടെങ്കില്‍ പൊലീസ് വേണ്ടത് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.