ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ പാലത്തിനുമുകളില്‍ വെള്ളം കയറി. മണവയല്‍ പാലമാണ് മുങ്ങിയത്. ഇവിടെ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലാണ്. ഓമശേരി, തിരുവമ്പാടി മേഖലകളിലും കനത്ത മഴയാണ്. മഴയുടെ ശക്തി വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മലബാറില്‍ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  

Also Read: അറബിക്കടലില്‍ ന്യൂനമര്‍ദം; പെരുമഴ വരുന്നു

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ലക്ഷദ്വീപിലും ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം ഇല്ല.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഇടുക്കിയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴ ഒട്ടേറെ പ്രദേശങ്ങളില്‍ നാശം വിതച്ചു. മുല്ലപ്പെരിയാര്‍, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ദുരിതം രൂക്ഷമായി. ഇടുക്കി, തൊടുപുഴ, കുമളി, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലാണ് ഏറെ പ്രയാസം. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. തോടുകള്‍ നിറഞ്ഞ് പല റോഡുകളും മുങ്ങി. നെടുങ്കണ്ടം–കമ്പം സംസ്ഥാനാന്തര പാതയിലും ഗതാഗതം തടസപ്പെട്ടു. കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ഒലിച്ചുപോയി. മഴ വൈദ്യുതിവിതരണത്തെയും ബാധിച്ചു. 

ENGLISH SUMMARY:

Kerala rain leads to water overflowing on the bridge in Kozhikode. The state disaster authority has warned of heavy rainfall across the state.