രാത്രി പെയ്ത കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്ടം. മലയോര മേഖലയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.
നേരം ഇരുട്ടി വെളുത്തപ്പോഴേക്കും 10 മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴ ഇടുക്കിയുടെ മലയോരമേഖലയിൽ വിതച്ചത് കനത്ത നാശം. കല്ലാർപുഴ കരകവിഞ്ഞതിനെ തുടർന്ന് നെടുങ്കണ്ടം, മുണ്ടിയെരുമ, തൂക്കുപാലം എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടിലുണ്ടായിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ ഒലിച്ചു പോയി. മേഖലയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കട്ടപ്പന കുന്തളം പാറയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചു പോയി.
വീടുകളിൽ കയറിയ ചളിയും മണ്ണും നീക്കാൻ ശ്രമം തുടങ്ങി. തോട് കരകവിഞ്ഞതിനാൽ കുമളിയിൽ 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നാർ കുമളി സംസ്ഥാനപാതയിൽ പുറ്റടിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി.