സുവർണ്ണ ശോഭയിൽ തിളങ്ങി ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങൾ. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ വിവാദ സ്വർണ്ണപ്പാളികൾ തിരികെ പതിപ്പിച്ചതോടെയാണ് കറുത്ത ദ്വാരപാലക ശില്പങ്ങൾ സുവർണ്ണ ശോഭയിലേക്ക് മാറിയത്. തുലാമാസ പൂജയ്ക്കായി ശബരിമല നട വൈകിട്ട് നാലിനാണ് തുറന്നത്.

നട തുറന്നതിന് പിന്നാലെ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ  മാന്നാർ അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാക്കി. തീർത്ഥാടകർക്ക് ദർശനത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിലായിരുന്നു പതിപ്പിക്കൽ ജോലികൾ പൂര്‍ത്തിയാക്കിയത്. 

കഴിഞ്ഞ സെപ്റ്റംബർ ഏഴിന് രാത്രിയാണ് സ്വർണം പൂശാനായി ലോഹ പാളികൾ ഇളക്കിയെടുത്തത്. അറിയിച്ചില്ലെന്ന് സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി ഇടപെട്ടതും വൻ സ്വർണ്ണക്കൊള്ളകൾ വെളിച്ചത്തുവന്നതും. 

ENGLISH SUMMARY:

Sabarimala Dwarapalaka statues shine in golden glory after the gold coverings were restored. The black Dwarapalaka statues have been transformed as the controversial gold plates on the statues at Sannidhanam were reattached.