ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ദേവസ്വം ബോര്‍ഡിന്‍റെ സഹായത്തോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് കിലോ സ്വര്‍ണം അടിച്ചുമാറ്റിയെന്നും കവര്‍ച്ചയ്ക്ക് കൂട്ടുത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തട്ടിയെടുത്ത സ്വര്‍ണം ചെന്നൈക്കാരന്‍ കല്‍പേഷിന് കൈമാറിയ വിവരം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴിയും നല്‍കി.
ശബരിമലയില്‍ നിന്ന് ഏകദേശം രണ്ട് കിലോ സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി കവര്‍ന്നൂവെന്ന് വ്യക്തമാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഈ കവര്‍ച്ചയില്‍ 2019ലെ ദേവസ്വം ബോര്‍ഡിനും അക്കാലത്തെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്നും സൂചിപ്പിക്കുന്നു. സ്വര്‍ണപ്പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് ഹൈക്കോടതി ഉത്തരവും ചട്ടങ്ങളും ലംഘിച്ച് കൊണ്ടുപോകാന്‍ പോറ്റിയെ സഹായിച്ചൂവെന്നതാണ് എ.പത്മകുമാര്‍ പ്രസിഡന്‍റായ ബോര്‍ഡിന്‍റെ കുറ്റം.
സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും. സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് തോന്നുംപോലെ കൊണ്ടുപോകാനായി മിനിട്സ് അട്ടിമറിച്ചത് ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീ. ഇത് കൂടാതെ മഹസറില്‍ കള്ള ഒപ്പിട്ടും ഭാരം നോക്കാതെയും ശബരിമലയിലെ 9 ഉദ്യോഗസ്ഥര്‍ കവര്‍ച്ചയ്ക്ക് ഒത്താശ ചെയ്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് കൂട്ടുത്തരവാദിത്തമുള്ള കവര്‍ച്ചയെന്നാണ് എസ്.ഐ.ടിയുടെ വിശേഷണം. സ്വര്‍ണപ്പാളി ഉപയോഗിച്ച് മൂന്ന് തരം തട്ടിപ്പ് പോറ്റി നടത്തിയെന്നുമാണ് കണ്ടെത്തല്‍. ആദ്യം സ്മാര്‍ട് ക്രീയേഷന്‍സിലെത്തിച്ച് രണ്ട് കിലോയോളം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. എന്നിട്ട് 394 ഗ്രാം മാത്രം പാളികളില്‍ പൂശി സ്വര്‍ണം കവര്‍ന്നു.
സ്വര്‍ണപ്പാളി തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ വീടുകളിലുമെത്തിച്ച് പ്രദര്‍ശിപ്പിച്ച് പണം പിരിച്ചതാണ് രണ്ടാമത്തെ തട്ടിപ്പ്. ഇതുകൂടാതെ പാളികളില്‍ സ്വര്ണം പൂശാനെന്ന പേരില്‍ പലരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി വേറെയും തട്ടിപ്പ് നടത്തി. റിമാന്ഡ് റിപ്പോര്‍ട്ടിലേത് പോലെ ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് പോറ്റിയുടെ മൊഴിയും.
സ്വര്‍ണക്കവര്‍ച്ച സമ്മതിച്ച പോറ്റി കൈക്കലാക്കിയ സ്വര്‍ണം ചെന്നൈക്കാരന്‍ കല്‍പേഷ് കൊണ്ടുപോയെന്ന് പറഞ്ഞു. ഇത്തരത്തില്‍ കല്‍പേഷിന്‍റെ കൈവശം സ്വര്‍ണം കൊടുത്ത വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാമെന്നും പറയുന്നതോടെ കവര്‍ച്ചയില്‍ ഞാന്‍ ഒറ്റക്കല്ല, ഉദ്യോഗസ്ഥരും താനും ഒരു ടീമെന്ന് പറയുകയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈമാസം 30 വരെയാണ് കസ്റ്റഡി കാലാവധി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. അടിച്ചുമാറ്റിയ സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അനുസരിച്ചു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി. ഇതോടെ പോറ്റിക്ക് പിന്നാലെ കല്‍പേഷിനെ കണ്ടെത്താനും മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘത്തിന്‍റെ ആലോചന. അതേ സമയം നിര്‍ണായക വിവരങ്ങളുമായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
പോറ്റി ശബരിമലയില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം തട്ടിച്ചു. 'ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്'. തന്നെ കുടുക്കിയവരെല്ലാം നിയമത്തിന് മുന്‍പില്‍ വരുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. ഒരു രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചു. പക്ഷെ കട്ടത് താന്‍ ഒറ്റക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കെുണ്ടെന്നാണ് പോറ്റിയുടെ മൊഴി. കട്ടിളപ്പാളി സ്വര്‍ണം പൂശി നല്‍കാന്‍ സ്പോണ്‍സര്‍വേഷത്തിലെത്തിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. അന്ന് സ്വര്‍ണം അടിച്ചുമാറ്റണമെന്ന ലക്ഷ്യം ഇല്ലായിരുന്നു. പകരം കട്ടിള ഉപയോഗിച്ച് പണപ്പിരിവ് നടത്തി ലാഭം കൊയ്യാമെന്നാണ് കരുതിയത്. പക്ഷെ മൂന്ന് ലക്ഷത്തോളം രൂപ തനിക്ക് നഷ്ടം വന്നു. ഇക്കാര്യം മുരാരി ബാബുവടക്കം ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. അതില്‍നിന്നാണ് ദ്വാരപാലകശില്‍പപാളി സ്വര്‍ണം പൂശാനുള്ള ആശയം ഉണ്ടാകുന്നത്. പാളികളില്‍ സ്വര്‍ണം എന്ന് ഒഴിവാക്കി ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.
ഗൂഡാലോചനയുടെ ഭാഗമായാണ് സ്വര്‍ണപ്പാളി കൊണ്ടുപോകുന്ന സമയത്ത് സന്നിധാനത്ത് നേരിട്ടെത്താതെ സഹസ്പോണ്‍സര്‍മാരെ അയച്ചത്. അന്ന് തന്‍റെ പേര് മഹസറില്‍ എഴുതി ചേര്‍ത്തും പാളികള്‍ സഹസ്പോണ്‍സര്‍മാരുടെ കയ്യില്‍ ഒറ്റക്ക് കൊടുത്തയച്ചും ഉദ്യോഗസ്ഥര്‍ സഹായിച്ചു. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന സ്വര്‍ണം കല്‍പേഷിന് കൊടുത്തെന്നും പോറ്റി സമ്മതിച്ചു.
സ്വര്‍ണം മിച്ചം വന്ന കാര്യവും അത് കല്‍പേഷിന് കൈമാറുന്ന കാര്യവും ഉദ്യോഗസ്ഥരും അറിഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണം പിന്നീട് എന്ത് ചെയ്തെന്നോ കല്‍പേഷ് ആരാണെന്നോ പോറ്റി വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ചെന്നൈക്കാരന്‍ എന്ന് കരുതുന്ന കല്‍പേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എസ്ഐടി. അതോടൊപ്പം മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്തും.