മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവെന്ന് തുറന്നു സമ്മതിച്ച് പ്രസിഡന്‍റ് ഒ.കെ വാസു. ഒരു ഉദ്യോഗസ്ഥന് നിരവധി ക്ഷേത്രങ്ങളുടെ ചുമതല നല്‍കുന്നത് ഭരണത്തിലും പ്രതിഫലിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍മാരായി കൂടുതല്‍ പേരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒ. കെ വാസു മനോരമ ന്യൂസിനോട് പറഞ്ഞു.
1500 ഓളം ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇത്രയും ക്ഷേത്രങ്ങളുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിലവിലെ ജീവനക്കാരുടെ എണ്ണം തികയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് തന്നെ തുറന്ന് സമ്മതിക്കുന്നു. 1500 ക്ഷേത്രങ്ങള്‍ക്കായി ആകെയുള്ള 72 പോസ്റ്റില്‍ 63 എക്സിക്യൂട്ടീവ് ഓഫീസര്‍മാരാണ് നിലവിലുള്ളത്. ഒരാള്‍ തന്നെ നിരവധി ക്ഷേത്രങ്ങളുടെ ചുമതല വഹിക്കുന്നത് തട്ടിപ്പിലേക്കും വഴിവയ്ക്കുന്നു. കൂടുതല്‍ നിയമനങ്ങള്‍ വേണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളുടെ സ്വര്‍ണം, വെള്ളി തുടങ്ങിയ ഉരുപ്പടികളുടെ കണക്കെടുക്കുന്നതിന് മൊത്തത്തിലുള്ളത് മൂന്ന് പേര്‍. പുതുതായി 66പേരെ നിയമിക്കാമെന്ന് പറഞ്ഞെങ്കിലും വൈകുകയാണ്.