ഹെർണിയ ശസ്ത്രക്രിയ്ക്കിടെ യുവാവ് മരിച്ചതിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇട്ടിമാണി ആശുപത്രി അധികൃതർക്ക് എതിരെ അന്വേഷണം തുടങ്ങി.
കൂലിപ്പണിക്കാരനായ 41 വയസ്സുകാരൻ ഇല്യാസ് ഇന്നലെയാണ് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ചികിത്സയ്ക്കിടെ മരിച്ചത് . അനസ്തേഷ്യയിലെ പിഴവായിരുന്നു മരണകാരണമെന്ന് പ്രാഥമിക സൂചന ലഭിച്ചു. ചികിത്സിച്ച ഡോക്ടറും കയ്യബദ്ധം പറ്റിയെന്ന് യുവാവിന്‍റെ ബന്ധുക്കളോട് സമ്മതിച്ചിരുന്നു. വയറുവേദന മൂലം ഇല്യാസ് ആശുപത്രിയിലെത്തിയത് സ്വയം ബൈക്കോടിച്ചായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ശസ്ത്രക്രിയ നടത്തിയത്. രാത്രി എട്ടരയോടെയായിരുന്നു മരണവിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. കൈപ്പിഴയാണെന്ന് ആശുപത്രിക്കാർ തന്നെ സമ്മതിച്ച നിലയ്ക്ക് നിയമനടപടി കടുക്കും.
ശസ്ത്രക്രിയ നടത്തിയ ശേഷം ഉചിതമായ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലായിരുന്നു. ഈ പരാതി നാട്ടുകാരും ഇല്യാസിന്‍റെ ബന്ധുക്കളും ഉയർത്തിക്കാട്ടി. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഡോക്ടറെയും ആശുപത്രി അധികൃതരെയും പ്രതികളാക്കി കേസെടുത്തേക്കും. ആശുപത്രിയിലെ അസൗകര്യങ്ങൾ ആരോഗ്യ വകുപ്പും അന്വേഷിക്കുന്നുണ്ട് . തീവ്ര പരിചരണ വിഭാഗത്തിലേത് ഉൾപ്പെടെയുളള സൗകര്യങ്ങളും പരിശോധിക്കും. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഇല്യാസ് . തൃശൂർ ചിറമനങ്ങാട് സ്വദേശിയാണ്.