TOPICS COVERED

പാലക്കാട് കണ്ണാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അധ്യാപികയുടെ ശകാരവര്‍ഷത്തിന് ശേഷം തീര്‍ത്തും അസ്വസ്ഥനായി കാണപ്പെട്ട അര്‍ജുന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച്കരഞ്ഞുവെന്നാണ് സഹപാഠിയുടെ മൊഴി. ഇനി കാണില്ലെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്നും അവന്‍ പറഞ്ഞിട്ടാണ്  പോയതെന്നും അര്‍ജുന്‍റെ സഹപാഠി പൊലീസിനോട് വെളിപ്പെടുത്തി. 

കണ്ണാടി ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. അര്‍ജുന്‍ ഉള്‍പ്പടെ നാല് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റഗ്രമിലയച്ച സന്ദേശം സംബന്ധിച്ച്  രക്ഷിതാക്കളില്‍ ഒരാള്‍ സ്കൂളില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നാലു പേരെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി ശാസിച്ച് വിട്ടു. ഈ സംഭവത്തിന് ശേഷവും ക്ലാസ് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയം സൈബര്‍ സെല്ലില്‍ അറിയിക്കുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും ക്ലാസില്‍ വച്ചു തന്നെ ഭീഷണിപ്പെടുത്തിയതായി സഹപാഠിയും മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ മാനസികമായി തകര്‍ന്ന അര്‍ജുന്‍ 14–ാം തീയതി സ്കൂള്‍ വിട്ട് വീട്ടിലെത്തിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

അതേസമയം, ക്ലാസ് അധ്യാപികയെയും പ്രധാനാധ്യാപികയെയും അന്വേഷണ വിധേയമായി ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി ശിവന്‍കുട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തി. സഹപാഠികളുടെയും അര്‍ജുന്‍റെ കുടുംബാംഗങ്ങളുടെയും വിശദമായ മൊഴിയെടുക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Student suicide Palakkad case reveals crucial details. The ninth-grade student, Arjun, took his own life after alleged harassment from a teacher, leaving behind a tragic story of mental distress and the importance of addressing student well-being.