മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച ഒരു വർഷം പിന്നിട്ടിട്ടും 1031 എൻഡോസൾഫാൻ ദുരിതബാധിതരെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രതിഷേധം. ഇന്നലെ ജില്ലാ കളക്ടറുടെ ചേമ്പർ ഉപരോധിച്ച ദുരിതബാധിതർക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. സർക്കാർ അനാസ്ഥയിൽ കൃത്യമായ സെൽ യോഗം ചേരാത്തതും ചികിത്സ മുടങ്ങുന്നതും ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ജില്ലയിലെ ദുരിതബാധിതർ അനുഭവിക്കുന്നത്.
2017ൽ തുടങ്ങിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞവർഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പിണറായി വിജയന്‍റെ വാക്കുകൾ വിശ്വസിച്ച് ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോൾ ഒന്നുമറിയില്ലെന്ന് മറുപടി. കലക്ടറേറ്റിലേക്ക് നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും. കയറിയിറങ്ങി സഹികെട്ടാണ് ഒടുവിൽ സമരത്തിലേക്ക് കടന്നത്. ചേംബറിന് മുന്നിൽ കുത്തിയിരുന്നതോടെ ഒരു മാസത്തിനുള്ളിൽ നടപടി ഉണ്ടാക്കാം എന്ന് കലക്ടർ.
മന്ത്രി മുഹമ്മദ് റിയാസ് ചെയർമാൻ ആയ ശേഷം ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന എൻഡോസൾഫാൻ സെൽ യോഗം രണ്ടുവർഷമായിട്ടും ചേരാത്തത് സംബന്ധിച്ച വാർത്ത മനോരമ ന്യൂസ് നൽകിയിരുന്നു. പിന്നാലെ വഴിപാട് പോലെ രണ്ടാഴ്ച മുമ്പ് ഓൺലൈനായി യോഗം ചേർന്നു. മംഗളൂരുവിലെ ആശുപത്രികൾ ദുരിതബാധിതർക്ക് സൗജന്യ ചികിത്സ നിർത്തിവെച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പല കുറി അറിയിച്ചിട്ടും സർക്കാറിന്റെ പരിഗണനയിൽ പോലുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടു പോലും 1031 പേരുടെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള ദുരിതബാധിതരുമായി അമ്മമാർക്ക് കളക്ടറേറ്റിനുള്ളിൽ സമരം ചെയ്യേണ്ടി വന്നത്.