സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ ചീഫ് അസോഷിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേയ്ഫാറര്‍ ഫിലിംസ്. കാസ്റ്റിങ് കൗച്ചിന്‍റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി.

തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്. ദിനിൽ ബാബുവുമായി വേയ്ഫാറര്‍ ഫിലിംസിന് ബന്ധമില്ലെന്നും വേയ്ഫാറിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമാണെന്നും തന്നോട് പരാതിക്കാരി പണം ആവശ്യപ്പെട്ടിരുന്നുവെന്നും ആരോപണവിധേയനായ ദിനിൽ ബാബു പ്രതികരിച്ചു.

താന്‍ ദുല്‍ഖറിന്‍റെ കമ്പനിയുടെ പേരിലല്ല നടിയുമായി സംസാരിച്ചത്. അവര്‍ തന്നോട് എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആ കമ്പനിയുടെ ലാന്‍ഡ്മാര്‍ക്ക് മാത്രമാണ് താന്‍പറഞ്ഞിട്ടുള്ളതെന്നും ദിനില്‍ ബാബു പങ്കുവച്ച വിഡിയോയില്‍ പറയുന്നു, അവരിങ്ങോട്ട് വിളിച്ചതാണ്, മാത്രമല്ല ഹണി ട്രാപിനു വേണ്ടിയുള്ള നീക്കമാണ് ആ സ്ത്രീ നടത്തിയതെന്നും കാശ് ചോദിച്ചപ്പോള്‍ കാശ് തരില്ലെന്ന് താന്‍ പറഞ്ഞെന്നും അതുകഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിക്കുന്നതെന്നും ദിനില്‍ ബാബു പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.

ENGLISH SUMMARY:

Dhinil Babu controversy arises from casting couch allegations involving Wayfarer Films. The production company has filed complaints against Dhinil Babu for defaming them and denying any association.