ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും മുൻ കമ്മിഷണറുമായ എൻ. വാസുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശബരിമല ശ്രീകോവിൽ വാതിലിലെ കട്ടിള പടികളിലെ സ്വർണ പാളികൾ ചെമ്പ് പാളികളെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തീരുമാനിച്ചത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന വാസുവിന്റെ അറിവോടെയാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ഇതിനായി ബോർഡിനോട് ശുപാർശ ചെയ്തുവെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ പറയുന്നു.
ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാർ 2019 ഫെബ്രുവരി 16ന് നൽകിയ കത്തിൽ സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നായിരുന്നെങ്കിൽ എൻ.വാസു ഫെബ്രുവരി 26ന് ദേവസ്വം ബോർഡിന് നൽകിയ ശുപാർശയിൽ സ്വർണം പൂശിയ എന്ന പരാമർശം ഒഴിവാക്കി ചെമ്പ് പാളികൾ എന്നു മാത്രമാക്കി. ഇത് അംഗീകരിച്ചായിരുന്നു മാർച്ച് 19ലെ ബോർഡ് തീരുമാനം. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കട്ടിളപ്പടിയുടെ സ്വർണ പാളികൾ , തിരിമറിയുടെ ആസൂത്രകനായ ഉണ്ണികൃഷ്ണൻ പോറ്റി വശം കൊടുത്തയച്ചത്.
ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് കട്ടിളകളിലെ സ്വർണ പാളി കടത്തിൽ ദേവസ്വം ബോർഡിന്റെയും എൻ.വാസുവിന്റെയും പങ്ക് കൂടി , രേഖകൾ സഹിതം വ്യക്തമാക്കുന്നത്. മാത്രവുമല്ല, 2019ൽ സ്വർണ പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെയും ദേവസ്വം വിജിലൻസ് എസ്പിയെയും ഉൾപ്പെടുത്താത്തതും ബോർഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്സിൽ വ്യക്തമാകുന്നു.
ക്രമക്കേടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ചുമതലയുള്ള ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്. ഇളക്കിയെടുക്കുമ്പോൾ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനത്തിൽ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോൾ തൂക്കം കണക്കാക്കണമെന്നു നിർദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പിന് വഴിയൊരുക്കി.
തന്റെ ഓഫിസിൽ തയാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി വന്നത് താൻ ഒപ്പിട്ട് എക്സിക്യൂട്ടീവ് ഓഫിസറുടെ കത്ത് സഹിതം ബോർഡിന് നൽകുകയായിരുന്നെന്നാണ് എൻ.വാസുവിന്റെ വാദം. എന്നാൽ അന്നത്തെ ദേവസ്വം കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തികൾ കാരണമാണ് സ്വർണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ദേവസ്വം വിജിലൻസിൽ നിന്ന് രണ്ടുദിവസമായി പ്രത്യേക അന്വേഷണ സംഘം വിശദ വിവരങ്ങൾ ശേഖരിച്ചുവെന്നാണ് അറിയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാസുവിനെ ചോദ്യം ചെയ്യുന്നത്.