chenthamara-021

TOPICS COVERED

പാലക്കാട് നെന്മാറയിൽ സജിതയെ വീട്ടിൽ കയറി വെട്ടികൊന്ന കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധിയില്‍ ഇന്ന് വാദം. പ്രതി  ചെന്താമരയെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടപടികള്‍.  

അഞ്ചു മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നു വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനായി. തന്റെ ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31 നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് 2025 ജനുവരി 27 നു സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. 

അതേസമയം ചെന്താമരക്ക് വധശിക്ഷ കിട്ടിയാലേ നാടിനും സജിതയുടെ കുടുംബത്തിനും രക്ഷയൊള്ളൂവെന്ന് കേസിലെ പ്രധാനസാക്ഷി പുഷ്പ മനോരമന്യൂസിനോട് പറഞ്ഞു. ഇയാൾ പുറത്തിറങ്ങിയാൽ തന്നെയടക്കം കുറെ പേരെ കൊല്ലുമെന്നും തങ്ങൾക്ക് പൊലീസ് സുരക്ഷ കിട്ടുമെന്ന വിശ്വാസമില്ലെന്നും പുഷ്പ പറഞ്ഞു. 

കേസ് തെളിയിക്കുന്നതിൽ ഏറെ നിർണായകമായത് പുഷ്പയുടെ മൊഴിയാണ്. ചെന്താമരയെ ഭയന്ന് പുഷ്പക്ക് നാട് വിട്ടുപോവേണ്ടി വന്നു. അമ്പതു വർഷം ജീവിച്ച മണ്ണിൽ നിന്ന് ഓടി പോവേണ്ടി വന്നത് പേടിച്ചിട്ടാണെന്നും പുഷ്പ പറഞ്ഞു.

ENGLISH SUMMARY:

Palakkad murder case refers to the court verdict in the Sajitha murder case in Nenmara, Palakkad. The accused, Chenthamara, faces judgment for the murder of Sajitha, with potential implications for other related crimes.