amal-babu

അമലിന്റെ  ഹൃദയം അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് പൊന്നാനി സ്വദേശി അജ്മലിന് പുതുജീവന്‍ ലഭിച്ചത്. തിരുവനന്തപുരത്തു നിന്ന് ആഭ്യന്തര വകുപ്പിന്‍റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച ഹൃദയം മൂന്നുമിനിറ്റുകൊണ്ടാണ് ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ. കൃത്യമായ ഏകോപനത്തോടെ ജീവന്‍രക്ഷാദൗത്യത്തിലെ മറ്റൊരു ചരിത്രനേട്ടം.

amal-heart-transplant-journey

മലയിന്‍കീഴ് തച്ചോട്ട് കാവില്‍ അമല്‍ബാബു (25)വിന് ഞായറാഴ്ച്ച രാത്രി ഒന്‍പതിനാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വേര്‍പാടിന്‍റെ തീരാദുഃഖത്തിലും അമലിന്‍റെ ഹൃദയം, പാന്‍ക്രിയാസ്, കരള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. 

ജനുവരിയിലാണ് പ്രവാസ ജീവിതത്തിനിടയില്‍ മലപ്പുറം സ്വദേശി അജ്മലിന് (33) ഗുരുതരമായ ഹൃദയാഘാതം ഉണ്ടായത്. ഹൃദയം മാറ്റിവയ്ക്കലാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് അനുസരിച്ച് അജ്മല്‍ എറണാകുളം ലിസി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം,ഡോ. റോണി മാത്യു കടവിലില്‍ എന്നിവരെ കാണുകയും ചെയ്തു. 

ആ നിര്‍ണായക ദൗത്യം ഇങ്ങനെ... : ഇന്നലെ രാത്രിയോടെ കെസോട്ടോയില്‍ നിന്നും അവയവദാനത്തിന്റെ സന്ദേശം ലിസി ആശുപത്രിയില്‍ എത്തി. ഉടനടി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വളരെ വേഗം തന്നെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാവുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ ലിസി ആശുപത്രിയില്‍  നിന്നും ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ് , ഡോ. അരുണ്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് പുറപ്പെടുകയും അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

ഉച്ചയ്ക്ക് 1:30 ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു 2.10 ന് ഗ്രാന്‍ഡ് ഹയാത്തില്‍ എത്തി. പോലിസ് സേനയുടെ സഹയത്തോടെ ഗ്രീന്‍ കോറിഡോര്‍ സ്യഷ്ടിച്ച് കേവലം നാലു മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ഉടന്‍തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

അമലില്‍ നിന്നെടുത്ത ഹൃദയം മൂന്ന് മണിക്കൂറിനുള്ളില്‍ അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. തുടര്‍ന്ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികള്‍ ആയിരുന്നു.

ENGLISH SUMMARY:

In a remarkable organ donation mission, the heart of 25-year-old Amal Babu, who was declared brain-dead after a road accident, was airlifted from Thiruvananthapuram to Kochi and successfully transplanted into a 33-year-old man from Ponnani. Despite their grief, Amal’s family chose to donate his organs, marking another milestone in Kerala’s life-saving transplant efforts.