കൊച്ചിയില്‍ ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. വെണ്ടുരുത്തി പാലത്തിനും, തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ച് ലോറി റോഡിലെ ഗട്ടറിൽ ചാടുകയായിരുന്നു. ലോറിയുടെ പിന്നിൽ ബൈക്കിൽ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയിൽ നിന്നും ആസിഡ് തെറിച്ചുവീണു.
ബിനീഷിന്‍റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിന്‍റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാഹനത്തിൽ ആസിഡ് കൊണ്ടുപോയിരുന്നത് എന്നാണ് വിവരം. കൃത്യമായി നടപടി ക്രമങ്ങൾ പാലിച്ച് നിയമപരമായി കൊണ്ടുപോയിരുന്നെങ്കിൽ ഇത്തരം ഒരു അപകടം ഉണ്ടാകുമായിരുന്നില്ല. ലോറിയുടെ മുകള്‍ ഭാഗം അടച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.
ബിനീഷ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയുടെ ICUയുവിലാണ്. ലോറി ഹാജരാക്കാൻ എറണാകുളം സൗത്ത് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.