തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇത്തവണ മല്‍സരിച്ചേക്കില്ല. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്യയെ മാറ്റിനിര്‍ത്തും. ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ എസ്.പി.ദീപക് ഉള്‍പ്പടെയുള്ളവരെ മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തിറക്കാനുമാണ് ആലോചന. യുവത്വത്തിനൊപ്പം പരിചയ സമ്പത്തിനുമാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന്യമെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് മനോരമ ന്യൂസിനോട് പറഞ്ഞു.

22 വയസ് തികയാത്ത, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍–ചരിത്രം തിരുത്തിക്കൊണ്ടായിരുന്നു ആര്യയുടെ വരവ്. പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം തിരുവനന്തപുരത്ത് ഇടക്കിടെ ചര്‍ച്ചയായതും പ്രായം കുറഞ്ഞ മേയറും മേയറുടെ പ്രവര്‍ത്തനവുമായിരുന്നു. അഴിമതിയെന്നും പിന്‍സീറ്റ് ഡ്രൈവിങ്ങെന്നും പക്വതക്കുറവെന്നും എതിരാളികള്‍ ആയുധമാക്കി.

സ്മാര്‍ട് റോഡ് അടക്കമുള്ള വികസനങ്ങളും ഉപതിരഞ്ഞെടുപ്പുകളിലെല്ലാമുണ്ടായ വിജയവും മറുപടിയായി കാട്ടുന്ന സി.പി.എം പ്രായം കുറഞ്ഞ മേയര്‍ക്ക് ഫുള്‍മാര്‍ക്ക് നല്‍കുന്നു. പക്ഷെ ഇത്തവണ ആര്യ മല്‍സരരംഗത്തല്ല, നയിക്കാനിറക്കാനാണ് സി.പി.എം ആലോചന. അടുത്ത മേയര്‍ സ്ഥാനം ജനറലായതിനാല്‍ പുരുഷ മേയറെ പരിഗണിക്കുന്നതാണ് പ്രധാനകാരണം. നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കാനും വിദൂര ആലോചനകളുണ്ട്. 

ശിശുക്ഷേമസമിതി പ്രസിഡന്‍റായിരുന്ന എസ്.പി ദീപക്കാണ് മേയര്‍ പരിഗണനയില്‍ ഒന്നാമത്. മുന്‍ മേയര്‍ കെ.ശ്രീകുമാര്‍, ഏരിയാ സെക്രട്ടറിമാരായ ചാല സുന്ദര്‍, ജയില്‍ കുമാര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.  രാഷ്ട്രീയത്തിനപ്പുറം പ്രൊഫഷണല്‍ മേഖലയിലുള്ളവരെയും തിരയുന്നുണ്ട്. സംവരണ വാര്ഡുകള്‍ വെള്ളിയാഴ്ച തീരുമാനിച്ച ശേഷം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക് കടക്കും. 

ENGLISH SUMMARY:

Arya Rajendran may not contest in the upcoming Thiruvananthapuram Corporation elections. The CPM is considering fielding experienced candidates, with a focus on balancing youth and experience in the leadership role.