ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തില്‍ മന്ത്രിയുടെ വാദം തള്ളി തന്ത്രി പരമേശ്വര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് . സദ്യവിളമ്പിയത് തന്ത്രിയാണെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത് . എന്നാല്‍ അത് ശരിയല്ലെന്ന് തന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ പൂജകഴിഞ്ഞാല്‍ ശ്രീകോവിലില്‍ നിന്ന് വിളക്കു കൊണ്ടുവന്ന് പുറത്ത് നിര്‍ദിഷ്ടസ്ഥാനത്ത് വച്ചിട്ടുള്ള നലവിളക്കില്‍ ദീപം പകരും . വിളക്ക് കത്തിച്ച് സാന്നിധ്യം ഉറപ്പാക്കലാണ് തന്ത്രിയുടെ മേൽശാന്തിയുടെയും കര്‍ത്തവ്യം. ദേവനു നിവേദിക്കും മുമ്പ മന്ത്രി സദ്യ ഉണ്ടതിലെ ആചാരലംഘനം ചൂണ്ടിക്കാട്ടിയുള്ള തന്ത്രിയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി വിഎൻ വാസവന്‍ സദ്യ വിളമ്പിയത് തന്ത്രി തന്നെയാണെന്ന് പറഞ്ഞത് . ഇത് ശരിയല്ലെന്ന് തന്ത്രി വ്യക്തമാക്കി.
സദ്യ വിളമ്പുന്നതിന്‍റെ മേൽനോട്ടം ക്ഷേത്രനിർവാഹക സമിതിക്കാണെന്ന് തന്ത്രി പറഞ്ഞു. ഇതോടെ മൂന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഏഴംഗ നിർവാഹക സമിതി വെട്ടിലായി. പള്ളിയോട സേവാ സംഘത്തിന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി, ദേവസ്വം ബോർഡ് അംഗങ്ങൾ, ക്ഷേത്ര ഉപദേശക സമിതിയി അംഗം, ഭക്തജന സമിതിയില്‍ നിന്നൊരാള്‍ എന്നിവരടങ്ങിയ നിർവാഹകസമിതിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും തന്ത്രി വ്യക്തമാക്കി.
ആരാണോ വിഐപികളെ ക്ഷണിക്കുന്നത് അവരാണ് സദ്യ വിളമ്പുന്ന സമയമടക്കം കൃത്യമായി ബോധ്യപ്പെടുത്തേണ്ടത്, അവർക്ക് സൗകര്യമാണെങ്കിൽ ആ സമയത്ത് വരും ഇല്ലെങ്കിൽ നേരത്തെ വന്നു തൊഴുതിയിട്ട് പോകാം സാന്നിധ്യം അറിയിക്കാം അങ്ങനെയാണ് സാധാരണ വിഐപികൾ ചെയ്യുക, കാരണം അവർക്കും ആചാരങ്ങള്‍ അറിയാം. ഇവിടെ മന്ത്രിയെ സദ്യയുടെ സമയം അറിയിച്ചതിലാണ് വീഴ്ച പറ്റിയിട്ടുള്ളത്. ഒരുപക്ഷേ ധൃതിയില്‍ അങ്ങിനെ സംഭവിച്ച് പോയതാകാം. ഇതോടെ ആചാരം പോലും മറന്ന നിർവാഹക സമിതി ഇനി ഉത്തരം പറയേണ്ടിവരും.
അതേസമയം, ആക്ഷേപമുയർന്ന വള്ളസദ്യയിൽ ബിജെപി നേതാക്കളായ എം.വി.ഗോപകുമാര്‍, വി.കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു. ഇരുവരും മന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. വിവാദത്തിൽ ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ല. ഇത് തെറ്റായ പ്രചാരണമെന്നാണ് സിപിഎം നിലപാട്.