ആനക്കോട്ടൂരില്‍ മൂന്നുപേരുടെ മരണത്തിലേക്കെത്തിച്ചത് മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിലുള്ള ദേഷ്യമായിരുന്നു. ശിവകൃഷ്ണനും വിരുന്നെത്തിയ ബന്ധു അക്ഷയും ചേർന്നു വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണന്റെ സ്വഭാവം മാറി. വീണ്ടും കുടിക്കാതിരിക്കാനായി അർച്ചന ബാക്കിയുണ്ടായിരുന്ന മദ്യം ഒളിച്ചുവച്ചു. രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യപിക്കാൻ ശ്രമിച്ച ശിവകൃഷ്ണനു കുപ്പി കണ്ടെത്താനായില്ല.
തുടര്‍ന്ന് മദ്യക്കുപ്പി ഒളിപ്പിച്ചുവച്ച അര്‍ച്ചനയെ മര്‍ദിക്കാന്‍ തുടങ്ങി. തടസം നിന്ന കുട്ടികളെയും ഉപദ്രവിച്ചു. അർച്ചനയുടെ മുഖത്തും ശരീരത്തിലും പുറത്തും എല്ലാം മുഷ്ടി ചുരുട്ടി ഇടിച്ചെന്നു കുട്ടികൾ പറയുന്നു. മർദനമേറ്റ് അര്‍ച്ചനയുടെ ചുണ്ട് പൊട്ടി. കവിളിലും മുറിവുണ്ടായി. ഇടയ്ക്കു മർദനത്തിനു ശമനമുണ്ടായപ്പോൾ അർച്ചന തന്‍റെ പരുക്കുകൾ ചൂണ്ടിക്കാട്ടി ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്തു. ഈ വിഡിയോയും സംഭവത്തിനു പിന്നാലെ പുറത്തുവന്നു. അതിനു ശേഷം ഫോൺ ഒളിപ്പിച്ചു വച്ചു.
വീണ്ടും മർദനം തുടങ്ങിയതോടെയാണു അടുക്കള ഭാഗത്തു കൂടി പുറത്തേക്കോടിയ അർച്ചന വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. പിന്നാലെയെത്തിയ ശിവകൃഷ്ണന്‍ കിണറിനു സമീപം തലതല്ലി വീഴുകയും ചെയ്തു. ഇയാൾ തിരികെയെത്തിയാണ് അർച്ചന കിണറ്റിൽ ചാടിയെന്ന് അക്ഷയോട് പറഞ്ഞത്. തുടര്‍ന്ന് അക്ഷയ് ആണ് അഗ്നിശമനസേനയെ വിളിച്ചത്. 74 അടി ആഴമുള്ള കിണറ്റിലാണ് അര്‍ച്ചന ചാടിയത്. 7 അടിയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ വീണിട്ടും അർച്ചനയ്ക്കു ജീവൻ നഷ്ടമായില്ല. പക്ഷേ വിധി വില്ലനായതോടെ മരണം മറ്റൊരു രൂപത്തിലെത്തി.
രക്ഷിക്കാായി കിണറ്റിലിറങ്ങിയ ഫയര്‍ ഓഫിസര്‍ സോണി എസ്.കുമാറുമായി അര്‍ച്ചന സംസാരിച്ചിരുന്നു. തുടര്‍ന്ന് വലയലേക്ക് മാറ്റി ഉയര്‍ത്തുന്നതിനിടെയാണ് കിണറിനോട് ചേര്‍ന്ന ആൾമറയും തൂണും ഇടിഞ്ഞുവീണത് . പിന്നാലെ ശിവകൃഷ്ണനും കിണറ്റിൽ വീണു. സേഫ്റ്റി കൊളുത്തും കയറും ബന്ധിച്ചിരുന്നതിനാൽ സോണി എസ്.കുമാറിനെ ഉടൻ പുറത്തെടുക്കാൻ സാധിച്ചു. പക്ഷേ അർച്ചനയുടെയും ശിവകൃഷ്ണയെയും പുറത്തെത്തിക്കുക എളുപ്പമായിരുന്നില്ല. കിണറിന്‍റെ പാലവും തൂണുകളും തകർന്നതോടെ കപ്പി കെട്ടിയുറപ്പിക്കാൻ മാർഗമില്ലാതായി. കൊല്ലത്തു നിന്നു മുക്കാലി സംവിധാനം എത്തിച്ചാണു കിണറ്റിലേക്കു കയറും വലയും ഇറക്കിയത്. അതിനിടയിൽ ആദ്യമിറക്കിയ കയറുകളും വലയും കുരുങ്ങിയത് അഴിച്ചെടുക്കാനും ബുദ്ധിമുട്ടായി. ഇരുവരുടെയും പുറത്തേക്കു വീണു ചിതറിയ കട്ടകളും സിമന്‍റ് പാളികളും നീക്കം ചെയ്യാനും പണിപ്പെടേണ്ടി വന്നു. നാട്ടുകാരുടെ സഹായത്തോടെ 2 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് 3 മണിയോടെ ശിവകൃഷ്ണനേയും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് അർച്ചനയേയും പുറത്തെടുക്കാൻ സാധിച്ചത്.