എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്‍എസ്എസ്സിന് അനുകൂലമായ വിധി മറ്റുള്ളവര്‍ക്ക് ബാധകമാക്കും. സുപ്രീംകോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ. നിയമനം കാത്തുകഴിയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാണ്. സര്‍ക്കാരിന്റേത് തുറന്ന സമീപനമെന്ന് പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം. ‘എൻ എസ് എസ് മാനേജ്മെന്റിന് ലഭിച്ചത് പോലുള്ള ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും ലഭിക്കുക എന്നുള്ളതാണ് ഗവൺമെന്റിന്റെ നിലപാട്' എന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസ് മാനേജ്‌മെന്റിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച നിയമന ഇളവുകൾ മറ്റ് എയ്ഡഡ് സ്കൂൾ മാനേജ്‌മെൻ്റുകൾക്ക് ബാധകമല്ലെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം. എന്നാൽ, ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഈ വിഷയത്തിൽ ഈ മാസം 16-ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ പുതിയ നിലപാട് സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.