കൊല്ലം നെടുവത്തൂരിന്റെ നിലവിളി കേട്ടാണ് ഇന്ന് കേരളം ഉറക്കമുണര്‍ന്നത്. കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ സുഹൃത്തും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും ദാരുണാന്ത്യം സംഭവിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടലുളവാക്കി. കൊട്ടാരക്കര ഫയർ & റസ്ക്യൂ സംഘത്തിലെ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാര്‍, വെളിയം സ്വദേശിനി അർച്ചന, സുഹൃത്ത് തൃശൂർ സ്വദേശി ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
നെടുവത്തൂരിന്റെ ഉള്‍പ്രദേശത്താണ് ഈ ദാരുണസംഭവം നടന്നത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. രണ്ടു വിവാഹം കഴിച്ച അര്‍ച്ചനയുെട ആണ്‍സുഹൃത്താണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ ഇടക്കിടെ ഈ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമപരമായി വിവാഹിതരാണോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഇന്നലെ ഇയാള്‍ വന്ന് അര്‍ച്ചനയുമായി തര്‍ക്കമുണ്ടായെന്ന് മക്കള്‍ പറഞ്ഞതായി പഞ്ചായത്തംഗം രഞ്ജിനി മനോരമന്യൂസിനോട് പറഞ്ഞു. തര്‍ക്കത്തിനു പിന്നാലെ അമ്മ കിണറ്റില്‍ ചാടുകയായിരുന്നെന്നും മക്കള്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയാണ് രഞ്ജിനി. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. ഇളയകുട്ടി സംഭവമൊന്നുമറിയാതെ ഇപ്പോഴും ഉറക്കത്തിലാണെന്ന് പഞ്ചായത്തംഗം വ്യക്തമാക്കുന്നു. മൂത്ത കുട്ടിയാണ് തര്‍ക്കങ്ങള്‍ക്കും സംഭവത്തിനും സാക്ഷിയായത്.
രഞ്ജിനി കിണറ്റില്‍ച്ചാടിയ ഉടന്‍ തന്നെ ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. പതിനഞ്ചു മിനിറ്റിനുള്ളില്‍ അവരെത്തി, പ്രദേശത്തുണ്ടുണ്ടായിരുന്ന മറ്റൊരു യുവാവും ബഹളംകേട്ട് സ്ഥലത്തേക്ക് ഓടിയെത്തി. കൊട്ടാരക്കര യൂണിറ്റ് സ്ഥലത്തെത്തിയതോടെ കിണറ്റിനുള്ളില്‍ ചാടിയ രഞ്ജിനിക്ക് ജീവനുണ്ടെന്ന് മനസിലാക്കുകയും എത്രയും പെട്ടെന്ന് മുകളിലെത്തിക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. പെട്ടെന്നുതന്നെ കയര്‍ കെട്ടി താഴേക്കിറങ്ങാന്‍ സോണി തയ്യാറായി. നല്ല ഇരുട്ടായിരുന്നതിനാല്‍ സോണിക്ക് ടോര്‍ച്ചടിച്ചുകൊടുത്തത് ശിവകൃഷ്ണന്‍ ആയിരുന്നു.
ഇതിനിടെ താഴെയെത്തിയ സോണി രഞ്ജിനിയെ വലക്കുള്ളിലാക്കി മുകളിലേക്ക് കയറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ ശിവകൃഷ്ണന്‍ നിന്നിരുന്ന ഭാഗത്തെ തൂണും കിണറിന്റെ കൈവരിയും തകര്‍ന്നു താഴേക്കു പതിച്ചു. അറുപതടിയോളം വലിയ ആഴമുള്ള കിണറായിരുന്നു. കൈവരിയുടെ വലിയ പാറക്കല്ലുകളും ശിവകൃഷ്ണനും സോണിയുടേയും അര്‍ച്ചനയുടേയും ദേഹത്തേക്ക് വീണു. സോണിയുടെ ശരീരം കയറില്‍ കെട്ടിയിരുന്നതിനാല്‍ പെട്ടെന്നുതന്നെ ബാക്കിയുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സോണിയെ മുകളിലേക്ക് വലിച്ചുകയറ്റി. തലച്ചോര്‍പോലും വെളിയില്‍ വന്ന ദാരുണമായ അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊല്ലത്തുനിന്നും കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ശിവകൃഷ്ണനേയും അര്‍ച്ചനയേയും മുകളിലെത്തിച്ചത്.
ഹോം നഴ്സായി ജോലിക്കുപോകുന്ന വ്യക്തിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ അമ്മയാണ് കുട്ടികളെ നോക്കുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. അര്‍ച്ചനയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് ശിവകൃഷ്ണന്‍. രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ സ്ഥലം വാങ്ങി അര്‍ച്ചന വീടുവച്ചത്. ഇടക്കിടെ തര്‍ക്കങ്ങളുണ്ടാകുമായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുഞ്ഞുങ്ങളുടെ നിലവിളി കേട്ടാണ് സമീപവാസികളും നാട്ടുകാരും ഇങ്ങോട്ട് എത്തിച്ചേര്‍ന്നത്.