ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ വീഴ്ച സമ്മതിച്ച് വടകര റൂറല്‍ എസ്.പി കെ.ഇ ബൈജു. ഷാഫിയെ അടിച്ച പൊലീസുകാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് റൂറല്‍ എസ്.പി പറഞ്ഞു. പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചു. ആരാണെന്ന് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. എം.പിയെ പുറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചു. പക്ഷേ ലാത്തി ചാര്‍ജ് നടന്നിട്ടില്ല– വടകര റൂറല്‍ എസ്.പി വിശദീകരിക്കുന്നു.
നടപടിയില്ലെങ്കില്‍ റൂറല്‍ എസ്.പിയുടെ വീട് ഉപരോധിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് മര്‍ദനമേറ്റ ശേഷം ആദ്യമായാണ് റൂറല്‍ എസ്.പിയുടെ ഭാഗത്ത് നിന്ന് പൊലീസ് വീഴ്ച സമ്മതിച്ചുള്ള പ്രതികരണം. പൊലീസുകാരില്‍ ഒരാള്‍ മനപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ എം.പിയെ ലാത്തികൊണ്ടടിച്ചുവെന്ന് റൂറല്‍ എസ്.പി കെ.ഇ ബൈജു വടകരയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു. എന്നാല്‍ ലാത്തിചാര്‍ജ് നടന്നട്ടില്ലെന്ന നിലപാട് എസ്.പി ആവര്‍ത്തിച്ചു.
മര്‍ദനത്തിന് നേതൃത്വം കൊടുത്ത പൊലീസുകാര്‍ക്ക് എതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഡി.ജി.പിക്ക് പരാതി നല്‍കി. നടപടി എടുത്തില്ലെങ്കില്‍ റൂറല്‍ എസ്.പിയുടെ വീടിന് മുന്നില്‍ ഉപരോധം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ പാര്‍ലമെന്‍റ് പ്രവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പില്‍ എം.പി പരാതി നല്‍കും.