കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പ്രസാദ നിര്‍മാണ വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. കരിപ്രസാദം, ചന്ദനം, ഭസ്മം തുടങ്ങിയവ നിര്‍മിച്ച വാടക കെട്ടിടം പൂട്ടി സീല്‍വെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിനകത്തു നിര്‍മിക്കേണ്ട പ്രസാദം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പുറത്തു നിര്‍മിക്കുന്നുവെന്നാണ് പരാതി.
പരാതിയ്ക്കും പ്രതിഷേധത്തിനും പിന്നാലെയാണ് ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ എത്തി ഇന്നലെയും ഇന്നുമായി പരിശോധന നടത്തിയത്. കരി പ്രസാദത്തിനായി പാക്കറ്റുകളിലാക്കിയ കറുത്ത പൊടി കണ്ടെത്തി. ദര്‍ഭയടക്കം ഉപയോഗിച്ച് നിര്‍മിക്കേണ്ട പ്രസാദമാണ് കരിപ്പൊടി ഉപയോഗിച്ച് നിര്‍മിച്ചത്. ഇവിടെ നിന്നും മദ്യക്കുപ്പികളും, നെറ്റിപ്പട്ടവും, ജീവതയുമടക്കം വിജിലന്‍സ് ഇന്നു കണ്ടെത്തി.
മഹസര്‍ എഴുതി സാധനങ്ങള്‍ ചാക്കുകളിലാക്കി ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റി. ആയിരക്കണക്കിനു ഭക്തര്‍ ദിനവും വരുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേക്കായി പ്രസാദം നിര്‍മിച്ച കെട്ടിടങ്ങള്‍ ഇന്നലെ സീല്‍ ചെയ്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ കരിപ്രസാദമടക്കം നിര്‍മിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. ഇന്നലെ പ്രതിഷേധക്കാര്‍ അടക്കം ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നു ക്ഷേത്രത്തില്‍ ശുദ്ധികലശവും നടത്തി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ട കാര്യങ്ങള്‍ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധിച്ചതെന്നു ബിജെപിയും ഹിന്ദു ഐക്യവേദിയും കുറ്റപ്പെടുത്തി. ഇതു ദേവസ്വം ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് ഇവരുടെ ആരോപണം.