unnikrishnan-sabarimala-fraud

ശബരിമലയുടെ മറവില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന് സ്ഥിരീകരിച്ച് ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ദ്വാരപാലക ശില്‍പ്പപാളികളില്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ ബെംഗളൂരുവിലെ രണ്ട് പേരില്‍ നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പണം പിരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന് പണവും സ്വര്‍ണവും കൊടുത്തെന്ന് ബെംഗളൂരു സ്വദേശികളായ രമേശ് റാവുവും അനന്ത സുബ്രഹ്മണ്യവും മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം പൂശാനായി വെറും 3 ഗ്രാം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം പണം ഉപയോഗിച്ച് ചെലവഴിച്ചത്. ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ശബരിമലയുടെ സ്വത്തായ 475 ഗ്രാം അഥവാ അരക്കിലോയോളം സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. ഇതിന് പുറമേയാണ് സ്പോണ്‍സര്‍മാരില്‍ നിന്ന് പിരിച്ച ലക്ഷങ്ങളുടെ നേട്ടവും. 

സ്വര്‍ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും ദേവസ്വം ഉദ്യോഗസ്ഥരേയും പ്രതിയാക്കി ഇന്ന് കേസെടുക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കവര്‍ച്ചയ്ക്കും വിശ്വാസവഞ്ചനയ്ക്കും ഗൂഡാലോചനക്കും പുറമെ അഴിമതി നിരോധന വകുപ്പും ചുമത്തും. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ മോഷണത്തിന് പുറമെ ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വര്‍ണമോഷണത്തിലുമാണ് പ്രധാനമായും അന്വേഷിക്കുക. ഇതിന് പ്രത്യേക കേസെടുക്കുന്നതും പരിഗണിക്കുന്നുണ്ട്. കേസെടുത്താലുടന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യലിലേക്കും പിന്നാലെ അറസ്റ്റിലേക്കും കടക്കാനാണ് പ്രത്യേക സംഘത്തിന്‍റെ ആലോചന. അത് മുന്നില്‍ കണ്ട് മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കങ്ങളും ഉണ്ണിക്കൃഷ്ണന്‍ പോറ്റി തുടങ്ങിയിട്ടുണ്ട്.

അതിനിടെ ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ദേവസ്വം ബോര്‍ഡും അന്വേഷണ പരിധിയില്‍. കട്ടിളയിലെ സ്വര്‍ണപാളികളെ എക്സിക്യുട്ടീവ് ഓഫീസറുടെ ഉത്തരവ് മറികടന്ന് ചെമ്പെന്ന് ആദ്യം രേഖപ്പെടുത്തിയത് ദേവസ്വം കമ്മീഷണറാണ്. പിന്നാലെ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവിലും ചെമ്പെന്ന് തന്നെ രേഖപ്പെടുത്തി. ഇത് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് കട്ടിളപ്പാളിയിലെ സ്വര്‍ണക്കൊള്ള പ്രത്യേകമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളി വിവാദത്തിൽ സന്നിധാനത്തെ പരിശോധനയ്ക്കായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ്‌ കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. സന്നിധാനത്തു എത്തുന്ന സംഘo സ്ട്രോങ്ങ്‌ റൂം തുറന്ന് പരിശോധിക്കും. ഇന്നും നാളെയും സന്നിധാനത്ത് പരിശോധനയുണ്ടാകും.  ദേവസ്വം ബോർഡ്‌  ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കും. ജസ്റ്റിസ് കെ.ടി.ശങ്കരൻ സമിതി ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട്‌ അതിവേഗം സമർപ്പിക്കും

ENGLISH SUMMARY:

Sabarimala gold fraud centers on alleged misappropriation by Unnikrishnan Potti. The Devaswom Vigilance report confirms financial irregularities involving gold plating of temple structures, prompting a criminal investigation.