തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം നെഞ്ചിൽ കുടുങ്ങിയ സുമയ്യയുടെ ട്യൂബ് ഇപ്പോൾ പുറത്തെടുക്കാനാവില്ലെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. രണ്ട് വർഷത്തിലേറെയായി നെഞ്ചിൽ കുടുങ്ങിക്കിടക്കുന്ന ഈ ട്യൂബിന്റെ രണ്ട് അറ്റങ്ങളും ധമനികളോട് ചേർന്ന് ഒട്ടിച്ചേർന്ന നിലയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് കത്തീറ്റർ ഉപയോഗിച്ച് ട്യൂബ് പുറത്തെടുക്കാൻ ഇന്ന് ശ്രമം നടത്തിയിരുന്നു. എന്നാൽ ഹൃദയത്തോട് ചേർന്നുള്ള ധമനികളോട് ട്യൂബ് പൂർണ്ണമായി ഒട്ടിപ്പിടിച്ച നിലയിലാണ് ഉള്ളത്. ഇത് ബലമായി വലിച്ചെടുക്കുകയോ ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനോ ശ്രമിച്ചാൽ ധമനികൾ പൊട്ടാനും കൂടുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ട്യൂബ് പുറത്തെടുക്കണമെങ്കിൽ മേജർ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
മേജർ ശസ്ത്രക്രിയ സുമയ്യയുടെ ജീവൻ അപകടത്തിലാക്കിയേക്കാം എന്ന മുന്നറിയിപ്പുള്ളതിനാൽ, അത്തരമൊരു ശസ്ത്രക്രിയക്ക് തയ്യാറല്ല എന്ന നിലപാടിലാണ് കുടുംബം. നേരത്തെ, സ്കാനിംഗിലൂടെയാണ് സുമയ്യ ട്യൂബ് ഉള്ളിൽ കുടുങ്ങിയ കാര്യം അറിഞ്ഞത്. ചികിത്സാപിഴവ് വിവാദമായതിനെ തുടർന്ന് ഇത് പുറത്തെടുക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ, മേജർ ശസ്ത്രക്രിയക്ക് കുടുംബം വഴങ്ങാത്തതിനാൽ സുമയ്യ ഈ ട്യൂബുമായി ജീവിതം തുടരേണ്ടിവരുന്ന ദുരവസ്ഥയിലാണ്.