മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. 1950 ൽ ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ് മുനമ്പത്തെ ഭൂമി. 2019ൽ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവ് നിയമപരമായി തെറ്റാണ്. വഖഫ് ബോർഡിന്റേത് ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമെന്നും ഹൈക്കോടതി വിമർശിച്ചു
മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാൻ റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങൾ. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനൽകിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളേജിനുള്ള ഇഷ്ടദാനമാണെന്നും അതുകൊണ്ടു തന്നെ മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയിൽ വരില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2019ൽ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവ് നിയമപരമായി തെറ്റാണ്.
വഖഫ് നിയമം 1954, 1984, 1995 എന്നിവയുടെ വ്യവസ്ഥകൾ ലംഘിച്ചാണ് 2019ലെ ഉത്തരവ്. ഭൂമിയുടെ സർവെ നടത്തുക, അർധ ജുഡീഷ്യൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുക, ഗസറ്റിൽ വിജ്ഞാപനം ചെയ്യുക തുടങ്ങിയ നടപടികൾ പൂർത്തിയാക്കാതെ ഏകപക്ഷീയമായിരുന്നു വഖഫ് ബോർഡിന്റെ തീരുമാനം. 69 വർഷത്തെ കാലതാമസം നീതീകരിക്കാനാകാത്തതെന്നും ജസ്റ്റിസുമാരായ എസ്.എ.ധർമാധികാരി, വി.എസ്.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എന്നാൽ 2019ലെ ഉത്തരവ് തങ്ങൾ റദ്ദാക്കുന്നില്ലെന്നും, 69 വർഷത്തിനു ശേഷമുള്ള ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ഉത്തരവിലുണ്ട്.
ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞതോടെ മുനമ്പത്തുകാരെ ഹൈക്കോടതി തന്നെ സംരക്ഷിച്ചുവെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പ്രതികരിച്ചു. നീതിയുടെ പോരാട്ടം വിജയത്തിലേയ്ക്കെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി പ്രതികരിച്ചു.