കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാലാവധി നീട്ടിനല്‍കാത്തതിനാല്‍ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് നടന്‍ ജിജോയ് രാജഗോപാല്‍. ഭരണസമിതിയുമായുളള ഭിന്നതയും നിയമന തര്‍ക്കവും കാരണമായെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പ് ജിജോയ് പുണെയിലേക്ക് മടങ്ങിയതോടെ ഡയറക്ടറില്ലാതെയാണ് അധ്യയനം.
കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിസന്ധികളില്‍ നിന്ന് കരകയറി അധ്യയന നിലവാരം മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടെയാണ് ഡയറക്ടര്‍ പടിയിറങ്ങിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോഷ്യേറ്റ് പ്രഫസറായിരുന്ന ജിജോയ് രാജഗോപാലിനെ 2023 മേയ് ലാണ് കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറാക്കി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞവര്‍ഷം നിയമനം നീട്ടിയെങ്കിലും ഇത്തവണ അതുണ്ടായില്ല. പകരം മറ്റൊരാളെ നിയമിച്ചിട്ടുമില്ല. ഭരണസമിതിയുമായുളള ഭിന്നതയാണ് ജിജോയ് സ്ഥാനം ഒഴിയാന്‍ മറ്റൊരു കാരണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെന്‍റര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് താല്‍പര്യമുളളവരെ നിയമിക്കാന്‍ ജിജോയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. കൂടാതെ ചെയര്‍പഴ്സന്‍റെ പ്രതിഫലം തര്‍ക്കവും. മുഖ്യമന്ത്രി ചെയര്‍മാനായ ഗവേണിങ് ബോഡിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഭരണച്ചുമതല.