തിരുവനന്തപുരം റീജനൽ കാൻസർ സെന്ററില്‍ ഗുരുതര ചികില്‍സാപ്പിഴവ്. കാന്‍സര്‍ മരുന്ന് മാറി നല്‍കിയെന്നാണ് ആക്ഷേപം. തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള കീമോതെറപ്പി ഗുളികകൾ മാറി നൽകി. മരുന്ന് കമ്പനിയുടെ പാക്കിങ്ങിലെ പിഴവാണ് കാരണം. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടുപിടിച്ചത്. എത്ര രോഗികൾക്കു ഇതു നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. ഒരു ബാച്ചില്‍ മാത്രമാണ് പിഴവ് കണ്ടെത്തിയതെന്നും ആര്‍ക്കും ആരോഗ്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തെറ്റായ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്നും ആര്‍സിസി വിശദീകരിച്ചു. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ആര്‍സിസി അറിയിച്ചു.
ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോമൈഡ്–100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിങ്ങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്–100 എന്ന പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ്– 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ്– 50 എന്ന പേരായിരുന്നു. എട്ട് ഗുളികയായിരുന്നു ഓരോ കുപ്പിയിലും ഉണ്ടായിരുന്നത്.
ശ്വാസകോശ കാൻസറിനും വൃഷണത്തെ ബാധിക്കുന്ന ചില കാൻസറിനുമുള്ള കീമോ തെറപ്പി ഗുളികയാണ് എറ്റോപോസൈഡ്. ഡ്രഗ്സ് കൺട്രോളറുടെ പരിശോധനയിലും ബോക്സിനുള്ളിൽ ഈ ഗുളികയാണെന്നു സ്ഥിരീകരിച്ചു. ഗുളിക മാറിപ്പോയ സംഭവം ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർസിസിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഡ്രഗ് കൺട്രോളറെ അറിയിക്കുകയുമായിരുന്നു. വ്യാജ മരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാർമയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത സംസ്ഥാന ഡ്രഗ് കൺട്രോളർ ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എട്ടു ഗുളികകൾക്ക് 7500 രൂപയാണ് ഗ്ലോബെല ഫാർമയ്ക്ക് ആർസിസി നൽകിയത്.