• പഴി മുൻ ദേവസ്വം പ്രസിഡന്റുമാര്‍ക്ക് മാത്രം
  • എ.പത്മകുമാറിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് വിലയിരുത്തൽ
  • പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്ക് കാത്ത് സിപിഎം

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉൾപ്പടെ പഴിചാരി തലയൂരാൻ സിപിഎം നീക്കം. നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്കും മന്ത്രിക്കും പങ്കില്ലെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തനിക്ക് പങ്കു ഉണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്ന് ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. 

അയ്യപ്പ സംഗമത്തിലൂടെ എൻഎസ്എസ്എസിനെയും എസ്എന്‍ഡിപി യോഗത്തെയും ചേർത്ത് നിർത്താനായതിന്‍റെ ഗുണം സ്വർണപ്പാളിക്കടത്തിൽ ഒലിച്ചു പോകുന്നത് തടയാനാണ് സിപിഎം ശ്രമം. 2019 ല്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നാണ് പാർട്ടിയുടെ നിലപാട്. ഇത് പാർട്ടിയും സർക്കാരും ശുദ്ധമാണെന്ന് സ്ഥാപിക്കാനാണെന്ന് വ്യക്തം. 

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനും അതിനുശേഷം വന്ന എൻ. വാസുവിനും ജാഗ്രത കുറവുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. അധികമുള്ള സ്വർണം കല്യാണത്തിന് ഉപയോഗിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി അനുവാദം ചോദിച്ചപ്പോൾ ഇക്കാര്യം ദേവസ്വം ബോർഡ് ചർച്ച ചെയ്ത് നിഷേധിക്കണമായിരുന്നു എന്ന് മുതിർന്ന സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

പ്രത്യേക അന്വേഷണസംഘം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് എത്തിയാൽ മുൻ പ്രസിഡന്റുമാരെ പാർട്ടി തള്ളിപ്പറഞ്ഞേക്കും. ഘടകകക്ഷികൾക്കും വലിയ അതൃപ്തി വിവാദങ്ങളിലുണ്ട്. അതേസമയം, നിലവിലെ ദേവസ്വം ബോർഡിന്റെയും മന്ത്രിയുടെയും രക്തത്തിനായാണ് മുറവിളി ഉയരുന്നതെന്നും താൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നും പി.എസ്. പ്രശാന്ത്

ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് ഹൈക്കോടതി സമർപ്പിക്കും. ഇതേടെ സ്വർണപ്പാളി കടത്ത് വിവാദം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. സംഘത്തിലെ രണ്ട് സിഐമാർ പ്രാഥമിക വിവര ശേഖരണത്തിന് ബോർഡ് ആസ്ഥാനത്ത് എത്തി.

ENGLISH SUMMARY:

Sabarimala gold controversy involves allegations against former Devaswom Board presidents and officials. The focus is on uncovering irregularities related to gold plating and potential misappropriation within the Devaswom Board.