Image Credit: Facebook

ഭൂട്ടാൻ വാഹന കടത്തുകേസിൽ നടൻ ദുൽഖർ സൽമാനിൽനിന്ന് നേരിട്ട് വിവരങ്ങൾ തേടി ഇ.ഡി. ചെന്നൈയിലായിരുന്ന ദുൽഖറിനെ ഉച്ചയ്ക്ക് കൊച്ചി പൊന്നുരുന്നിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.ഡി വിവരങ്ങൾ തേടിയത് . ദുൽഖറിന് പുറമെ പൃഥിരാജ്, വാഹന ഡീലർ അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയശേഷമാണ് ഇ.ഡിയുടെ നടപടി.

രാവിലെ ഏഴു മണിയ്ക്ക് ഇ. ഡി. സംഘം പരിശോധന തുടങ്ങി. സുരക്ഷാ അംഗങ്ങൾ വീടുകൾക്ക് പുറത്ത് കാവൽ നിന്നു. പനമ്പള്ളി നഗറിലെ ലീസിനു നൽകിയ മമ്മൂട്ടി ഹൗസിലും, ദുൽഖറിന്‍റെ  ഇളംകുളത്തെ വീട്ടിലും, അമിത് ചക്കാലയ്ക്കലിന്‍റെ  എറണാകുളം നോർത്തിലുള്ള വീട്ടിലും ഒരേ സമയം മണിക്കൂറുകൾ നീണ്ട പരിശോധന തുടർന്നു.

തന്‍റെ കാർ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തോട് ദുൽഖർ സഹരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, വാഹത്തിന്‍റെ രേഖകൾ ഹാജരാക്കണം എന്നുമായിരുന്നു കോടതിയിൽ കസംസ്റ്റസ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ദുൽഖറിന്‍റെയടക്കം വീടുകളിൽ ഇ.ഡി പരിശോധന നടത്തിയത്. 

ദുൽഖറിന്‍റെ പൊന്നുരുന്നിയിലെ വീട്ടിലെ ജീവനക്കാരിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് നടനെ ഇ.ഡി നേരിട്ട് വിളിച്ചുവരുത്തി പിടിച്ചെടുത്തതും സംശയമുള്ളതുമായ വാഹനങ്ങളുടെ വിവരങ്ങളും സാമ്പത്തിക പശ്ചാത്തലവും ഉൾപ്പെടെയുള്ള വിവരം തേടിയത്. ചെന്നൈ അണ്ണാമലൈ പുരത്തുള്ള ദുൽഖറിൻ്റെ വീട്ടിൽ രാവിലെ ആറുമുതൽ പരിശോധന ആരംഭിച്ചു. പൃഥിരാജിന്‍റെ  തിരുവനന്തപുരത്തെ വീട്ടിലായിരുന്നു പരിശോധന.

അമിത്തിന്‍റെ വീട്ടിലെ പരിശോധനയിൽ കസ്റ്റംസിന്‍റെ വാഹനങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കുഴൽപ്പണ ഇടപാട്, ഫെമ ചട്ടലംഘനം, സാമ്പത്തീക തിരിമറി എന്നിവയൊക്കെ ഭൂട്ടാൻ വാഹന കടത്ത് ഇടപാടിൽ നടന്നിട്ടുണ്ടെന്ന് വിലയിരുത്തലിലാണ് ഇ.ഡിയുടെ നടപടി . എന്നാൽ ഔദ്യോഗിക പ്രതികരണത്തിന് ഇ.ഡി തയാറായിട്ടില്ല.

ENGLISH SUMMARY:

Dulquer Salmaan is being investigated by the Enforcement Directorate (ED) in connection with the Bhutan car smuggling case. The ED questioned Dulquer after conducting raids at his and other celebrities' residences, seeking information about seized vehicles and financial details.