തിരുവിതാംകൂർ ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് മറ്റൊരു തെളിവ് കൂടി മനോരമ ന്യൂസ് പുറത്തുവിടുന്നു. കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസ് തെളിയാൻ നിമിത്തമായ രമണിക്ക് വീട് വച്ച് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചെങ്കിലും പണം പിരിച്ച് വീട് പണിതത് ഉണ്ണികൃഷ്ണൻ പോറ്റി. അന്ന് ദേവസ്വംമന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം വീടിന്റെ താക്കോൽദാനം നടത്തിയതിന്റെ ദൃശ്യങ്ങളും തെളിവാണ്.
1981 ലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണ കേസ് തെളിയാൻ നിമിത്തമായ രമണിക്ക് വീട് വച്ചുകൊടുത്തത് ആരാണ്. ദേവസ്വം ബോർഡ് വീട് വെച്ച് നൽകിയെന്ന് അഭിമാനത്തോടെ പറയുമെങ്കിലും ഇതിൻറെ പേരിൽ പണം പിരിച്ചതും വീട് നിർമിച്ചതും ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അതായത് ദേവസ്വം ബോർഡ് തയ്യാറാക്കിയ പദ്ധതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേതായി മാറിയത്.
2018 ജൂലൈയിൽ ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതിയാണ് രമണിയുടെ ദയനീയാവസ്ഥ എ. പത്മകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ദേവസ്വം ബോർഡ് യോഗം ചേർന്ന് 'ശരണാശ്രയം' കാരുണ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി രമണിക്ക് വീട് നിർമിച്ച് നൽകാന്‍ തീരുമാനമെടുത്തു. 650 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ പ്ലാൻ ബോർഡിന്റെ എൻജിനീയർ തയാറാക്കി. പക്ഷേ വീട് നിർമിച്ച് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും.
2019 ഫെബ്രുവരിയിൽ തിരുവനന്തപുരം വെള്ളറടയിൽ വീടിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തി. സെപ്റ്റംബറിൽ വീടിന്റെ താക്കോൽ കൈമാറുകയും ചെയ്തു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഭക്തരുടെ സഹായത്തോടെ ചെയ്തെന്ന് ദേവസ്വം ബോർഡിന് വിശദീകരിക്കാമെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് ദേവസ്വം ബോർഡ് അറിഞ്ഞിരുന്നോ?.