ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിചേർത്ത് കേസെടുക്കും. പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കേസ് രജിസ്റ്റർ ചെയ്യുക. സ്വർണ്ണ കവർച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്താൻ ആണ് ആലോചന. ദേവസ്വം ജീവനക്കാരെ കൂട്ടുപ്രതികൾ ആക്കാനും ആലോചനയുണ്ട്. എന്നാൽ തുടക്കത്തിൽ ഉദ്യോഗസ്ഥരെ പേരെടുത്ത് പ്രതിയാക്കില്ല. പ്രാഥമിക വിവരശേഖരണത്തിന് ശേഷമാകും ഓരോരുത്തരായി പ്രതിചേർക്കുക. ദ്വാരപാലക ശിൽപ്പങ്ങളിലെ യഥാർത്ഥ സ്വർണ പാളി ഉണ്ണികൃഷ്ണൻ പോറ്റി മറ്റാർക്കോ കൈമാറി എന്നാണ് ദേവസ്വം വിജിലൻസിന്റെ നിഗമനം. ഇന്നോ നാളെയോ ദേവസ്വം വിജിലൻസ് സംഘം ശബരിമലയിലെ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കും.
ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ രണ്ടുതവണയും കൊണ്ടുപോയത് വ്യത്യസ്ത സ്വര്‍ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടു പോയ സ്വർണ്ണപ്പാളികളും 2019 ലെ പാളികളും വ്യത്യസ്തമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എ.ഡി.ജി.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആറാഴ്ചക്കുള്ളിൽ അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
1999ൽ വിജയ് മല്യ നൽകിയ 1.564 കിലോ സ്വർണം മറ്റൊരു ദ്വാരപാലക ശിൽപത്തിലേക്ക് മാറ്റി എന്നാണ് ആദ്യം കരുതിയതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ അത് അങ്ങനെ അല്ലെന്ന് വ്യക്തത വരുന്നുണ്ട്. സാമ്പത്തിക നേട്ടം മുൻ നിർത്തി ദ്വാരപാലക ശില്പങ്ങൾ ഉരുക്കിയ സ്വർണം മറ്റാർക്ക് എങ്കിലും വിറ്റിട്ടുണ്ടാവാം. അതിന്‍റെ നേട്ടം ഉണ്ടാക്കിയവരാണ് തട്ടിപ്പിന്‍റെ ഉത്തരവാദികളെന്ന നിരീക്ഷണത്തോടെയാണ് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. Also Read: രണ്ടുതവണ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയതും വ്യത്യസ്ത സ്വര്‍ണപ്പാളികള്‍; ഉരുക്കി വിറ്റു? കണ്ടെത്തല്‍
ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടു പോയ സ്വർണപ്പാളികളും 2019 ലെ പാളികളും വ്യത്യസ്തമെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഫോട്ടോകൾ താരതമ്യം ചെയ്തതിൽ നിന്നാണ് ഈ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019 ൽ കൈമാറിയത് സ്വർണപ്പാളി തന്നെയെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണ പൂർത്തിയാക്കി വെള്ളിയാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പ്രത്യേക സംഘം അന്വേഷിക്കും. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും, ആറാഴ്ചക്കുള്ളിൽ അതീവ രഹസ്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.