വയനാട് ചീരാലിൽ ഭീതിപരത്തി വീണ്ടും ജനവാസ മേഖലയിൽ കരടി. നൂൽപ്പുഴ പൊലീസ് സ്റ്റേഷന് സമീപത്താണ് ഇന്ന് കരടിയെ കണ്ടത്. മൂന്ന് മാസമായി പ്രദേശത്ത് കരടി ഇറങ്ങുന്നത് പതിവാണ്.
ജനങ്ങളെ ആശങ്കയിലാക്കി ചീരാൽ പ്രദേശത്ത് വീണ്ടും കരടി ഇറങ്ങി. നൂൽപ്പുഴ പൊലീസ് സ്റ്റേഷന് സമീപം കുടുക്കിയിലാണ് ഇന്നലെയും ഇന്ന് രാവിലെയും നാട്ടുകാർ കരടിയെ കണ്ടത്. വരിക്കേരി ഉമ്മറിന്റെ കടയ്ക്കു മുന്നിൽ ഇന്നലെ രാത്രി കരടി ഇറങ്ങിയിരുന്നു. തമിഴ്നാട് വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് കരടി ജനവാസ മേഖലയിൽ എത്തുന്നത്. കുട്ടികളെ ഈ പ്രദേശത്തുകൂടി സ്കൂളിലേക്ക് വിടാൻ പോലും രക്ഷിതാക്കൾക്ക് പേടിയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ആളുകൾ കരടിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നത്. മൂന്ന് മാസമായി കരടിഭീതി തുടരുമ്പോളും വനം വകുപ്പിൻ്റെ നിരീക്ഷണം പ്രദേശത്ത് ശക്തമല്ല.
നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ പേരിന് ഒരു കൂട് സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടായില്ല. പുലിയുടെയും കടുവയുടെയും സാന്നിധ്യമുള്ള ഈ അതിർത്തി മേഖലയിൽ വനം വകുപ്പിന്‍റെ സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് ആളുകളുടെ ഭീതി അകറ്റണമെന്നാണ് ആവശ്യം