കാന്‍സര്‍ ബാധിതനായ മുന്‍ ഡ്രൈവറുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് കെഎസ്ആര്‍ടിസിയുടെ ക്രൂരത. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പുല്‍പ്പള്ളി സ്വദേശിയായ വര്‍ക്കിയുടെ പെന്‍ഷന്‍ തുക മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പുല്‍പ്പള്ളി അമരക്കുനിയിലെ വി.എ.വര്‍ക്കി 2016ലാണ് മാനന്തവാടി ഡിപ്പോയില്‍ നിന്ന് ഡ്രൈവറായി വിരമിക്കുന്നത്. ഇല്ലാത്ത അച്ചടക്കനടപടിയുടെ കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം വരെ കെഎസ്ആര്‍ടിസി അധികൃതര്‍ പെന്‍ഷന്‍ തടഞ്ഞുവച്ചു. ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് പെന്‍ഷന്‍ കിട്ടിതുടങ്ങിയത്. എന്നാല്‍ എട്ടുവര്‍ഷത്തെ മുന്‍കാല പെന്‍ഷന്‍ ആനുകൂല്യം അധികൃതര്‍ തടഞ്ഞു. ഇതിനിടെ ആണ് വര്‍ക്കി കാന്‍സര്‍ ബാധിതനാകുന്നത്. വീണ്ടും ഹൈക്കോടതിയിലേക്ക്. ആനൂകൂല്യങ്ങളുടെ നാലിലൊന്ന് തുക മൂന്ന് മാസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ശ്വാസകോശ അര്‍ബുദം ബാധിച്ച വര്‍ക്കി ചികില്‍സയ്ക്കുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ്. കടുത്ത വേദനയ്ക്കൊപ്പം സാമ്പത്തിക പ്രയാസവും ഈ 65കാരനെ തളര്‍ത്തുന്നു. അടുത്ത റേഡിയേഷനുള്ള പണം കണ്ടെത്താന്‍ യാതൊരു നിര്‍വാഹവും ഈ കുടുംബത്തിനില്ല. മാനുഷിക പരിഗണന പോലും ഇല്ലാതെ നിലപാടാണ് കെഎസ്ആര്‍ടിസി ഉന്നതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.