തെരുവുനായ ശല്യം പ്രമേയമാക്കി നാടകം അവതരിപ്പിക്കുന്നതിനിടെ നടന് വേദിയിൽ വെച്ച് തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ കണ്ടക്കൈ സ്വദേശി രാധാകൃഷ്ണനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കണ്ടു നിന്നവർ ഇത് നാടകത്തിലെ രംഗമാണെന്ന് തെറ്റിദ്ധരിച്ചു. വേദന കടിച്ചമർത്തി നാടകം പൂർത്തിയാക്കിയ ശേഷം രാധാകൃഷ്ണൻ ചികിത്സ തേടി.
നാടകത്തിന്റെ പേര് പേക്കാലം. അരങ്ങ് കണ്ണൂർ കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയിൽ. മുന്നിൽ നിരവധി കാണികൾ . ലക്ഷ്യം തെരുവുനായ ആക്രമണത്തെ കുറിച്ച് അവബോധം നൽകൽ. ഒരു കുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നതാണ് രംഗം. പശ്ചാത്തലത്തിൽ നായയുടെ ശബ്ദവും കുട്ടിയുടെ നിലവിളിയും. ഇതിനിടയ്ക്ക് വേദിയിലേക്ക് ക്ഷണിക്കപ്പെടാതെ ഒരു വില്ലൻ . തകർത്തഭിനയിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണൻ ഈ വില്ലനെ കണ്ടില്ല. വില്ലനും കഥാപാത്രമാണെന്ന് കണ്ടുനിന്നവർ കരുതി.
കാലങ്ങളായി നാടക അഭിനയം തുടരുന്ന രാധാകൃഷ്ണന് ഇത് കലാജീവിതത്തിലെ ആദ്യ അനുഭവം. പശ്ചാത്തലത്തിലെ കുര കേട്ട് നായ വേദിയിൽ എത്തിയതാകാനാണ് സാധ്യത എന്നാണ് രാധാകൃഷ്ണനും കണ്ടു നിന്നവരുമൊക്കെ പറയുന്നത്.