ഫയല്‍ ചിത്രം
ഫാൽക്കേ പുരസ്കാരം ലഭിച്ച നടന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ നല്‍കിയ ആദരത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. രാഷ്ട്രീയലക്ഷ്യം തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടിയെന്ന് കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. മോഹന്‍ലാലിനെ ആദരിച്ചതില്‍ തെറ്റില്ലെന്നും അതില്‍ എതിര്‍പ്പില്ലെന്നും പറഞ്ഞ കെ.സി.വേണുഗോപാല്‍, ജനങ്ങളുടെ വെറുപ്പിനെ മറികടക്കാനുള്ള തന്ത്രമാണിതെന്നും വിമര്‍ശിച്ചു. മോഹന്‍ലാലിനുള്ള ആദരമായതിനാല്‍ വിവാദമാക്കാനില്ല. 'ഫുട്ബോളും ഇതുപോലെയാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻ ലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കിയ പരിപാടിക്ക് ലാൽ സലാം എന്ന പേരിട്ടതിൽ വിമർശനവുമായി നടനും അമ്മ സംഘടന ഭാരവാഹിയുമായ ജയൻ ചേർത്തല നേരത്തേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രസർക്കാരും ഇതുതന്നെയാണ് ചെയ്യുന്നതെന്നും ജയന്‍ പറഞ്ഞു. ആലപ്പുഴയിൽ കെപിസിസി സംസ്കാര സാഹിതി ദക്ഷിണ മേഖല ക്യാംപ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ജയൻ ചേർത്തല.
ഇവർ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്. ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോഴും പേരിടുമ്പോഴും അത് പ്രകടമാണ്. ലാൽസലാം എന്ന പേരിട്ടു കഴിഞ്ഞാൽ ആ പാർട്ടിയുടെ തത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും ജയൻ ചേർത്തല കൂട്ടിച്ചേര്‍ത്തു.