ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ കോടതിയുടെ അനുമതി തേടിയിരുന്നെങ്കിൽ ഇക്കണ്ട ക്രമക്കേടുകളൊന്നും പുറത്തു വരില്ലായിരുന്നു. എന്നാൽ കോടതിയെ അറിയിക്കാതെ നടത്തിയ പ്രവൃത്തി സ്പെഷൽ കമ്മിഷണർ ദേവസ്വം ബെഞ്ചിനെ അറിയിച്ചതോടെ കഥ മാറി. പിന്നീടങ്ങോട്ട് പുറത്തുവന്നത് അയ്യപ്പഭക്തരെ മാത്രമല്ല, ഏതൊരാളെയും ഞെട്ടിക്കുന്ന കഥകളാണ്. ഇതിനെല്ലാം കാരണമായത് 1999 മുതലുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന ജസ്റ്റിസ് വി.രാജ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണ്.
കേരള ഹൈക്കോടതിയിൽ നിന്നുള്ള പരാമർശങ്ങളിൽ പലതും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ജഡ്ജിമാരുടെ പേരെടുത്തുള്ള വിമർശനങ്ങളും പൊതുമണ്ഡലത്തിൽ നിന്നും വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍റെ പേര് കേൾക്കാറില്ല. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതെവിട്ടതടക്കമുള്ള വിധികളിൽ വിമർശനത്തിന് പഴുതൊന്നുമുണ്ടായിരുന്നില്ല. കോടതി മുറിക്കുള്ളിലും, പുറത്തും ശാന്തനായി കാണുന്നയാൾ പക്ഷെ നിസാരക്കാരനല്ല.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ നിന്നും സിവിൽ എൻജിനീയറിങ് ബിരുദം നേടിയ രാജ വിജയരാഘവന്‍റെ നിയോഗം പക്ഷെ മറ്റൊന്നായിരുന്നു. കൊല്ലം ബാറിലെ പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ വിജയരാഘവൻ വക്കീലിന്, മകനെയും തന്‍റെ വഴിയിലൂടെ നടത്താനായിരുന്നു ആഗ്രഹം. അച്ഛന്‍റെ ആഗ്രഹപ്രകാരം നിയമ ബിരുദം സ്വന്തമാക്കിയ രാജാ വിജയരാഘവൻ പ്രാക്ടീസ് തുടങ്ങിയത് കൊല്ലം കോടതിയിൽ നിന്നുതന്നെ. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ പേരെടുത്ത ശേഷമാണ് പ്രാക്ടീസിനായി ഹൈക്കോടതിയിലേക്ക് എത്തുന്നത്. 2015 ൽ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. 2017ൽ സ്ഥിരം ജഡ്ജിയായി.
ക്രിമിനൽ കേസുകളിലാണ് രാജ വിജയരാഘവൻ എന്ന ഹൈക്കോടതി ജഡ്ജിയുടെ ശ്രദ്ധേയമായ വിധികൾ പുറത്തുവന്നിട്ടുള്ളത്. പക്വമാര്‍ന്ന വിധിന്യായങ്ങൾ മാത്രമല്ല ജസ്റ്റിസ് രാജ വിജയരാഘവനെ ശ്രദ്ധേയനാക്കുന്നത്. കേരള ഹൈക്കോടതിയിലെ ഡിജിറ്റലൈസേഷന് ചുക്കാൻ പിടിച്ചത് രാജ വിജയരാഘവനാണ്. സുപ്രീംകോടതിയുടെ ഡിജിറ്റലൈസേഷൻ സമിതിയിൽ അംഗവുമാണ് അദ്ദേഹം. മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായ രാജ വിജയരാഘവൻ സുപ്രീംകോടതി ക്രിക്കറ്റ് ടീമിൽ അംഗമാണ്.
സ്വർണപ്പാളിയിൽ ദേവസ്വം ബെഞ്ചിന്‍റെ ഇടപെടൽ:
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ചുമതലയിലേക്ക് ജസ്റ്റിസ് രാജാ വിജയരാഘവൻ എത്തുന്നത്. ഒരുമാസത്തിനിപ്പുറം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിക്ക് അയച്ച കാര്യം സ്പെഷ്യൽ കമ്മീഷണർ അറിയിച്ചതോടെ ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തു. ഈ കേസിലാണ് രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. രേഖകൾ പരിശോധിച്ച് കോടതി കണ്ടെത്തിയ കാര്യങ്ങളാണ് ഇന്ന് ദേവസ്വം ബോർഡിന്‍റെയും സർക്കാരിന്‍റെയും ഉറക്കം കെടുത്തുന്നത്. അതായത് സ്വർണ്ണപ്പാളി വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിച്ചാൽ അതിന്‍റെ ക്രെഡിറ്റ് ഹൈക്കോടതിക്കും, ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ചിനുമാണ് എന്നതാണ് യാഥാർഥ്യം.